പേരന്‍പ് - ക്യാമറയുടെ ഹൃദയഭാഷ്യം
D Review
പേരന്‍പ് - ക്യാമറയുടെ ഹൃദയഭാഷ്യം
എ.കെ അബ്ദുല്‍ ഹക്കീം
Sunday, 3rd February 2019, 6:52 pm

“ഞാന്‍ മരിക്കുന്നതു വരെ ഇവള്‍ക്കൊരു കുറവും വരൂല.പക്ഷെ എന്റെ കാലം കഴിഞ്ഞാല്‍ ഇവളെങ്ങനെയാണ്. ജീവിക്കുക. ഒറ്റ പ്രാര്‍ത്ഥനയേയുള്ളൂ. എനിക്കെന്തെങ്കിലും സംഭവിക്കും മുമ്പെ ഇവളങ്ങ് പോയാല്‍ മതിയായിരുന്നു “. ഒന്നല്ല, ഒരു പാട് അമ്മമാരില്‍ നിന്ന് പലപ്പോഴും കേട്ടിട്ടുണ്ട് ഇമ്മാതിരി പറച്ചിലുകള്‍. ബുദ്ധിമാന്ദ്യം, ഓട്ടിസം ,സെറിബ്രല്‍ പാള്‍സി മുതലായ അവസ്ഥയുമായി ജീവിക്കുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ അച്ഛനമ്മമാര്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുന്നത് ഒരു പക്ഷെ ഇങ്ങനെ തന്നെയാവാം.

പ്രേക്ഷകരെ കരയിപ്പിക്കുന്ന സിനിമയല്ല പേരന്‍പ്. എന്നാല്‍ പിടിച്ചുലക്കുന്ന ഒരു വിങ്ങലായി സിനിമയിലെ അച്ഛനും മകളും നമ്മുടെ ജീവിതത്തിലേക്കിറങ്ങി വരും. സെറിബ്രല്‍ പാള്‍സിക്കാരിയായ കൗമാരക്കാരി പാപ്പയും (സാധന) അവള്‍ക്കുള്ള കൂട്ടായി മാത്രം ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന അമുദനും(മമ്മൂട്ടി ) സൃഷ്ടിക്കുന്ന കടുത്ത അസ്വസ്ഥത തിയറ്ററില്‍ നിന്നിറങ്ങുന്നതോടെ വിട്ടു പോകുന്നതല്ല.

കച്ചവട സിനിമയുടെ മസാലക്കൂട്ടുകള്‍ ഒഴിവാക്കിയുള്ള മേക്കിംഗ് ആണ് പേരന്‍പിന്റെത്. പ്രകൃതിയെയും ജീവിതത്തെയും ചേര്‍ത്ത് വെച്ചുള്ള അവതരണം മനോഹരമാണ്. സിനിമയുടേതെന്നല്ല, ഏതൊരു കലാരൂപത്തിന്റെയും അനിവാര്യതയെന്ന് പറയപ്പെടുന്ന അതിശയോക്തിക്ക് ഈ ചിത്രത്തില്‍ അവസരം കൊടുത്തിട്ടേയില്ല.

 

കീറി മുറിയുന്ന വേദനയോടെയല്ല, ഒരു തരം മരവിപ്പോടെയാണ് സിനിമ കണ്ടു തീര്‍ത്തത്. ചിത്രത്തില്‍ ട്രീറ്റ് ചെയ്തിരിക്കുന്നതിലും വേദനാജനകവും ക്രൂരവുമാണ് ഭിന്നശേഷി കുട്ടികളുടേയും അവരുടെ രക്ഷിതാക്കളുടേയും ജീവിതം എന്ന നേരനുഭവം കൊണ്ടാവാം. മകള്‍ നടക്കുന്നത് പോലെ ഒരു തവണയെങ്കിലും നടക്കാന്‍ ശ്രമിക്കുന്ന അച്ഛന്റെ സാഹസങ്ങള്‍ പ്രേക്ഷക മനസുകളെ കീറിമുറിച്ചിട്ടുണ്ടാവണം!

ആര്‍ത്തവത്തിലേക്ക് കടക്കുന്ന പാപ്പായ്ക്ക് പാഡ് വെച്ചു കൊടുക്കാന്‍ ആളെ അന്വേഷിച്ചോടുന്നുണ്ട് അമുദന്‍. പിന്നെപ്പിന്നെ അതയാള്‍ തന്നെ ചെയ്യുകയാണ്. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പാപ്പയത് തടയുന്നു. കരഞ്ഞുകൊണ്ട് അച്ഛനെയവള്‍ ചവിട്ടി മാറ്റുന്നു. ലൈംഗികതൃഷ്ണകളും മാനസിക സംഘര്‍ഷങ്ങളും പിടിമുറുക്കുന്ന പാപ്പയെ ആദ്യമയാള്‍ക്ക് മനസിലാവുന്നില്ല. അമ്മ കൂടെയില്ലാത്ത, ബുദ്ധിപരവും ശാരീരികവുമായ പരിമിതികളുള്ള പെണ്‍മക്കളെ വളര്‍ത്തേണ്ടി വരുന്ന അച്ഛന്‍മാര്‍ അകപ്പെടുന്ന സങ്കടക്കടലിന്റെ ആഴം അപാരമാണ്. ഇത്തരമൊരു പ്രമേയത്തിന്റെ സിനിമാ ഭാഷ്യം ഒരു പക്ഷെ ലോകത്തു തന്നെ ആദ്യത്തേതാവാം.

“”ശാരീരികവും ലൈംഗികവുമായ വളര്‍ച്ച സാധാരണ പോലെയോ, ചിലപ്പോള്‍ കുറച്ചധികമോ ഉണ്ടാവും ഇത്തരം കുട്ടികളില്‍. എന്നാല്‍ അതെങ്ങനെയാണ് മാനേജ് ചെയ്യേണ്ടതെന്ന അറിവ് അവര്‍ക്കില്ല താനും””.ഇംഹാന്‍സ് ഡയറകടര്‍ ഡോ.പി. കൃഷ്ണകുമാര്‍ ഒരിക്കല്‍ പറഞ്ഞതോര്‍മ വരുന്നു. ഒമ്പതാം ക്ലാസുകാരനായ ഒരു കുട്ടി നോട്ടത്തിലും സ്പര്‍ശത്തിലുമെല്ലാം വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയുമായി വന്ന ടീച്ചര്‍മാര്‍ക്കൊപ്പം പരിഹാരമന്വേഷിച്ച് ചെന്നതായിരുന്നു ഇംഹാന്‍സില്‍. സ്വയംഭോഗം പോലെയുള്ള പ്രതിവിധികള്‍ പോലും, സ്വകാര്യമായി എങ്ങനെയാണ് ചെയ്യേണ്ടതെന്നറിയാത്ത കുട്ടികളുണ്ട്. രക്ഷിതാക്കളും അധ്യാപകരുമൊക്കെ വല്ലാതെ പ്രയാസപ്പെട്ട് പോകുന്ന സന്ദര്‍ഭമാണിത്.

 

ടിവിയില്‍ കാണുന്ന ചെറുപ്പക്കാരന് സ്‌ക്രീനില്‍ മുഖം ചേര്‍ത്ത് ഉമ്മ കൊടുക്കുന്നുണ്ട് പാപ്പ.ജനല്‍ പുറത്തെ റോഡിലൂടെ നടന്നുപോകുന്ന ആണ്‍കുട്ടിയെ അവള്‍ കൊതിയോടെ നോക്കുന്നുണ്ട്. മകള്‍ക്കു വേണ്ടി ഒരു മെയില്‍ പ്രോസ്റ്റിറ്റിയൂട്ടിനെ കിട്ടുമോ എന്നന്വേഷിക്കാന്‍ വരെ അമുദന്‍ തയാറാവുന്നുണ്ട്. മുഖത്തേല്‍ക്കുന്ന അടിയുടെ വേദനയിലല്ല, തന്റെ നിസ്സഹായതയിലാവണം അയാള്‍ വിതുമ്പിപ്പോവുന്നത്.

വൈകിയാണെങ്കിലും മകളെ ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നുണ്ട് അയാള്‍. മറ്റ് കുട്ടികളുമായുള്ള ഇടപെടല്‍ അവളില്‍ മാറ്റമുണ്ടാക്കുമെന്ന് അയാള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ജയില്‍ സമാനമായ ചിട്ടകളും ശിക്ഷാരീതികളും അവളെ തകര്‍ത്തു കളയുന്നു.ഗത്യന്തരമില്ലാതെ, മകളുടെ കൈയും പിടിച്ച് കടലിനടിയിലേക്ക് നടക്കാന്‍ തീരുമാനിക്കുകയാണയാള്‍. അച്ഛനോടൊപ്പം എങ്ങോട്ടു പോവാനും പാപ്പ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായെത്തുന്ന ഒരു സ്‌നേഹഹസ്തം അവരെ ചേര്‍ത്ത് പിടിക്കുന്നു. ജീവിതത്തിന്റെ പച്ചപ്പിലേക്കുള്ള പരിണാമം സാധ്യമാകുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ചെറുപ്പംതൊട്ടേ സാധാരണ കുട്ടികളോടൊപ്പം കളിക്കാനും കൂട്ടുകൂടാനും കഴിയാതെ പോയതുകൊണ്ടാണ് പാപ്പയുടെ ജീവിതം ഇത്രയും സങ്കീര്‍ണമായത്.പുറത്തേക്കിറങ്ങാനും നക്ഷത്രങ്ങളെണ്ണാനും പക്ഷികളോടൊപ്പം പറക്കാനുമാണ് അവളുടെ മനസ് കൊതിക്കുന്നത്. അപമാനഭാരവും പ്രാരാബ്ധങ്ങളും പറഞ്ഞ് മുറിയിലിട്ട് പൂട്ടപ്പെടുന്ന മക്കള്‍ പാപ്പയെപ്പോലെ ഒട്ടനേകമുണ്ടെന്ന തിരിച്ചറിവ് പങ്കുവെക്കപ്പെടേണ്ടതുണ്ട്.

 

അത്ഭുതകരമായ കൈയടക്കം കാണിച്ചിട്ടുണ്ട് റാം എന്ന ചലച്ചിത്രകാരന്‍. തിരക്കഥയൊരുക്കുന്നതിലും സംവിധാനത്തിലും ഒരുപോലെയയാള്‍ മിടുക്ക് കാണിച്ചിരിക്കുന്നു. രംഗാവിഷ്‌കാരത്തിന് സഹായകരമാം വിധം പ്രകൃതിയെ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറ. മമ്മൂട്ടിയെന്ന മഹാനടനെ തിരിച്ചു കിട്ടിയതിന്റെ സന്തോഷവും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടാകും. എക്കാലത്തും മനസില്‍ ജീവിക്കുന്ന കഥാപാത്രമായി പാപ്പ സ്ഥാനപ്പെട്ടിരിക്കുന്നു.

ഇത്തരം കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്റെ സമീപനമെന്താണ്, മാതാപിതാക്കളുടെ മാത്രം ബാധ്യതയായി കാണേണ്ടതാണോ അവരുടെ ജീവിതങ്ങള്‍, തങ്ങളുടെ കാലശേഷവും മക്കള്‍ക്കിവിടെ ജീവിക്കാനാവും എന്ന ഉറപ്പിലേക്ക് കണ്ണടക്കാന്‍ അവര്‍ക്കെന്നാണ് സാധിക്കുക, ഭിന്നശേഷിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരോട് സഹഭാവത്തോടെ ഐക്യപ്പെടാന്‍ നമുക്കെന്നാണ് സാധിക്കുക തുടങ്ങി ഒട്ടനേകം ചോദ്യങ്ങള്‍ പേരന്‍പ് എന്ന സിനിമ ബാക്കി വെക്കുന്നുണ്ട്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തല്‍ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യതയുമാണ്.