റിലീസിന് മുന്‍പേ തന്നെ ചലച്ചിത്ര മേളകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും, അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രമാണ് റാം സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പേരന്‍പ്. ബാലു മഹേന്ദ്രയില്‍ നിന്ന് ആഴത്തില്‍ സ്വാധീനിക്കപ്പെട്ട സംവിധായകനാണ് താനെന്ന് റാം ഒരഭിമുഖത്തില്‍ പറയുകയുണ്ടായി.. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ ബാലു മഹേന്ദ്രയുടെ ക്രാഫ്റ്റ് അനുസ്മരിപ്പിക്കുന്നുണ്ട്. പേരന്‍പ് എന്ന പേരിന്റെ ആഖ്യാന മികവിലേക്ക് അമുദന്‍ എന്ന കഥാപാത്രത്തിനൊപ്പമുള്ള സഞ്ചാരമാണ് ചിത്രം. ഒപ്പം മമ്മൂട്ടി എന്ന നടന്റെ, നടന വിസ്മയ നിമിഷങ്ങളാല്‍ സമ്പന്നവും.
അമുദന്‍ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ നരേഷനില്‍ നിന്ന് തുടങ്ങുന്ന ചിത്രം “എന്റെ ജീവിതത്തില്‍ ഞാന്‍ കടന്ന് പോയ സന്ദര്‍ഭങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും നിങ്ങളുടെ ജീവിതം എത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് അന്‍പോടെ അമുദന്‍ അയാളുടെ കഥ പറഞ്ഞു തുടങ്ങുന്നു. “Spastic” ബാധിച്ച തന്റെ മകളെ തോളിലേറ്റി അയാള്‍ തേടി പോകുന്ന ഒറ്റപെടലില്‍ നിറഞ്ഞ നിസ്സഹായതയുടെയും, അതിജീവനത്തിന്റെയും യാത്രയാണ് ചിത്രം. ആ യാത്രയില്‍ അമുദന്‍ കണ്ടുമുട്ടുന്ന മനുഷ്യര്‍, അവര്‍ മൂലം വഞ്ചിക്കപ്പെടുന്നതുണ്ട് ഇരുളിന്റെ ഏകാന്തതയില്‍ മകള്‍ക്കൊപ്പം ജീവിതം തുടരുന്നു.
ഓഫ് ബീറ്റ് ചിത്രമെന്ന് മുദ്രകുത്തപ്പെടേണ്ട ഒരു ചിത്രമല്ല പേരന്‍പ്, കാണികളെ ചിത്രത്തില്‍ നിന്ന് അകറ്റി നിര്‍ത്താതെ, അവരുടെ വികാരങ്ങളോട് സത്യസന്ധമായി റാം എന്ന സംവിധായകന്‍ കഥ പറയുമ്പോഴാണ് പേരന്‍പ് വേറിട്ട കാഴ്ചയാകുന്നതും. വൈകാരിക നിമിഷങ്ങളില്‍ മുഷിപ്പിക്കുന്ന നിശ്ശബ്ദതയിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിക്കാതെ, യുവന്‍ ശങ്കര രാജയുടെ സംഗീതം സാഹചര്യത്തിന്റെ താളം സൃഷ്ടിക്കുന്നതില്‍ മുന്നിട്ട് നിന്നു.
സാഹിത്യവും സിനിമയും രണ്ടാണ്, എന്നാല്‍ സിനിമയില്‍ സാഹിത്യം ഇടകലര്‍ന്ന് നില്‍ക്കുന്ന ഘടകമാണ് എന്ന് റാം അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു.പേരന്‍ബില്‍ സാഹിത്യ വാചകങ്ങള്‍ കഥപറച്ചിലിനോട് ചേരുന്ന വിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധ്യമായിട്ടുണ്ട്. മനുഷ്യരില്ലാത്ത , കുരുവികള്‍ മരിക്കാത്ത ഒരിടത്തേക്ക് മകളെ കൊണ്ട് യാത്രയാവുന്നു, നക്ഷത്രങ്ങള്‍ അസംഖ്യമാണ് എന്ന് തുടങ്ങിയ അമുദന്റെ സാഹചര്യത്തിന്റെ തീവ്രത പ്രേക്ഷകനിലേക്ക് വിനിമയിക്കും വിധം സാഹിത്യ സംഭാഷണങ്ങള്‍ കാവ്യാത്മകതയോടെ പ്രതിഫലിപ്പിക്കുന്നതില്‍ എഴുത്തിലും സംവിധാനത്തിലും റാം വിജയിച്ചിരിക്കുന്നു.
അമുദന്റെയും പാപ്പയുടെയും ഒറ്റപ്പെട്ട ജീവിതത്തെ സൂക്ഷ്മതയോട് കൂടി തേനി ഈശ്വര്‍ തന്റെ ഛായാഗ്രഹണത്തിലൂടെ വിനിമയിക്കുവാന്‍ സാധിച്ചു.ഒറ്റപ്പെട്ട കൊടൈക്കനാലിലെ ഒറ്റപ്പെട്ട തീരത്തിലെ വീടും,പുഴയും, രണ്ടാം പകുതിയിലെ നഗരത്തിലേക്ക് കഥയുടെ പശ്ചാത്തലം പറിച്ചു നട്ടപ്പോള്‍ പാപ്പയുടെയും അമുദന്റെയും ഒറ്റപ്പെട്ട ജീവിതത്തെയും, നിസ്സഹായതയും സ്വാഭാവികമായ രീതിയില്‍ അദ്ദേഹം ഒപ്പിയെടുത്തു. ചെന്നൈയിലെ രാത്രികാല ജീവിതവും, തെരുവു വിളക്കിന്റെ കീഴില്‍ കാര്‍ പാര്‍ക്ക് ചെയ്ത ഉറങ്ങുന്ന ഡ്രൈവര്‍മാരുടെ രാത്രി ജീവിതത്തെയും ലോ ലൈറ്റ് ഉപയോഗിച്ച് സ്വാഭാവികമായി കാണുന്ന കാഴ്ചപോലെ ഛായാഗ്രഹണം അനുഭവപെട്ടു.
പേരന്‍പ് നല്‍കുന്നത് ഒരു പ്രചോദനം ആണ്, മലയാള സിനിമയില്‍ മികച്ച ക്രാഫ്റ്റില്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ തന്നെ, മമ്മൂട്ടി എന്ന നടന്റെ താരമൂല്യത്തെ മാത്രം ഉപയോഗിക്കുന്ന വിധത്തില്‍ ആണ് ചിത്രങ്ങള്‍ ഒരു നീണ്ട കാലയളവില്‍ സൃഷ്ടിക്കപെട്ടത്. എന്നാല്‍ പേരന്‍പ് തമിഴകത്തില്‍ നിന്നുള്ള മമ്മൂട്ടി എന്ന “നടന്റെ” സാധ്യത ഉപയോഗപ്പെടുത്തിയ ചിത്രമാണ്.
ഗ്രേറ്റ് ഫാദറില്‍ മാസ്സിന് വേണ്ടി ചാര്‍ത്തപ്പെട്ട ഡേവിഡ് നൈനനില്‍ നിന്നും താരത്തിന്റെ യാതൊരു ബാധ്യതയും ഇല്ലാതെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗ്രേറ്റ് ഫാദര്‍ ആയ അമുദനിലേക്കും മമ്മൂട്ടി എന്ന നടന്‍ അവിസ്മരണീയമാക്കുവാന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന്റെ നടനെന്ന രീതിയിലെ മറ്റൊരു സവിശേഷത തന്നെയാണ്. മകളെ ചിരിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു സാധാരണ അച്ഛന്റെ ശ്രമങ്ങളെ ഒറ്റ ഷോട്ടില്‍ അദ്ദേഹം കട്ടുകള്‍ ഇല്ലാതെ തന്നെ അനായാസമായി അവതരിപ്പിച്ചു.
പറയുന്ന സംഭാഷണങ്ങളിലും, ശരീര ഭാഷയിലും ഇനിയും നിലക്കാത്ത അഭിനയ വിസ്മയത്തെ പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയുവാന്‍ സാധിക്കും. പാപ്പയായി വേഷമിട്ട സദന മമ്മൂട്ടി എന്ന നടന്റെ ഒപ്പം തന്നെ എടുത്തു പറയേണ്ട ഒരു ഘടകമാണ് ചിത്രത്തില്‍. അംഗവൈകല്യം ബാധിച്ച ബാലികയുടെ ശരീര ഭാഷകൊണ്ടും, ചലനം കൊണ്ടും അങ്ങേയറ്റം സൂക്ഷ്മതയോട് കൂടി ആ കൊച്ചു മിടുക്കി അവതരിപ്പിച്ചിരിക്കുന്നു. ചില സമയങ്ങളില്‍, യാഥാര്‍ഥ്യത്തില്‍ അത്തരം വൈകല്യമുള്ള ഒരു കുട്ടിയാണോ സ്‌ക്രീനിലെന്ന് തോന്നിക്കും വിധം സ്വഭാവികതയോട് കൂടിയുള്ള അഭിനയ പ്രകടനമാണ് സധനയുടേത്.
പാപ്പയുടെ നിലവിളികള്‍ കാതില്‍ മുഴച്ചു കേറും വിധം അസഹനീയവും, ഹൃദയത്തില്‍ സ്പര്‍ശിക്കും വിധം വിങ്ങലുമായാണ് അനുഭവപ്പെട്ടത്. അഞ്ജലി അവതരിപ്പിച്ച കഥാപാത്രം ആയ വിജിയും ചിത്രത്തിന്റെ കഥയില്‍ പ്രാധാന്യം ഉള്ള കഥാപാത്രം തന്നെയാണ്. മറ്റൊരു വേറിട്ട പ്രകടനം കാഴ്ചവെച്ചതായി അനുഭവപ്പെട്ടത് അഞ്ജലി അമീര്‍ തന്നെയാണ്. മീര എന്ന കഥാപാത്രം അമുദന് എന്ന പോലെ തന്നെ പ്രേക്ഷകനും നല്‍കുന്ന അനുകമ്പയുണ്ട്. ഒരു പ്രതീക്ഷ.. പേരന്‍പ് എന്ന ചിത്രം നല്‍കുന്നത് ഒരു പ്രതീക്ഷ തന്നെയാണ്.. നിമിഷങ്ങള്‍ക്ക് മാത്രം നിലനില്‍ക്കുന്ന പ്രചോദനമല്ല, മറിച്ഛ് ജീവിതം അനുഭവിച്ചറിയുന്ന ചൂടില്‍ ഏതൊരു പ്രേക്ഷകനും കിട്ടുന്ന പ്രചോദനം.. നമ്മുടെ അനുഗ്രഹങ്ങളെ മറു തീരത്തില്‍ നിന്ന് അമുദനും പാപ്പയും കാണിച്ചു തരികയാണ്….