കോഴിക്കോട്: പേരാമ്പ്രയില്‍ ഉദ്ഘാടനം നടക്കാനിരുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു. പ്രസിഡന്‍സി കോളേജ് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.
ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും വാതിലുകളും പൂര്‍ണ്ണമായും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഓഫീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടക്കുമ്പോള്‍ എസ്.ഡി.പി.ഐ ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. പിന്നാലെ കോണ്‍ഗ്രസിനെതിരെ എസ്.ഡി.പി.ഐയും പ്രകടനം നടത്തി.