ന്യൂദൽഹി: കണ്ണൂർ ജില്ലയിൽ പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായയുടെ കടിയേൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 465 കുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേറ്റുവെന്നും കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.വി. ദിവ്യ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2021 ജനുവരി മുതൽ 2023 ജൂലൈ വരെയുള്ള കണക്കുകളാണ് ഉൾപ്പെടുത്തിയത്.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ തദ്ദേശ സ്ഥാപന മേധാവി, പൊതു ആരോഗ്യ വകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധി എന്നിവർ ഉൾപ്പെടുന്ന വിദഗ്ധ സമിതി രൂപവത്കരിക്കാമെന്നും ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയെ അറിയിച്ചു. സമിതി രൂപവത്കരിക്കുന്നതോടെ ദയാവധവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കാനാകുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.
ജില്ലാപഞ്ചായത്തിന്റെ പരിധിയിൽ 23,666 തെരുവുനായ്ക്കളുണ്ട്. ഇതിനുപുറമേ 48,055 വളർത്തുനായ്ക്കളുമുണ്ട്.
തെരുവുനായ്ക്കളുടെ കടിയേറ്റ് 11 വയസ്സുകാരനായ നിഹാൽ മരണപ്പെട്ട കാര്യവും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. തെരുവുനായയുടെ കടിയേൽക്കുന്ന കുട്ടികളുടെ പരിക്കുകളെല്ലാം ഗുരുതരമാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ തെരുവുനായ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം വേണമെന്ന് ജൂലൈയിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. എ.ബി.സി ചട്ടങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് കേസിൽ കക്ഷി ചേർന്ന മൃഗസ്നേഹികളുടെ സംഘടന ഉന്നയിക്കുന്ന വാദം.
Content Highlight: Per day 30 children attacked by stray dogs in Kannur