ന്യൂദൽഹി: തങ്ങളുടെ പേറ്റന്റിന്റെ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് പെപ്സികോ ഇൻകോർപറേറ്റഡ് ഗുജറാത്തിലെ നാല് കർഷകർക്കെതിരെ നൽകിയ പരാതി പിൻവലിച്ചു. പെപ്സിക്കോയുടെ ഒരു വക്താവാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
തങ്ങൾ സർക്കാരുമായി ചർച്ച നടത്തിയിരുനെന്നും അതിനു ശേഷമാണ് കർഷകർക്കെതിരെയുള്ള പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും പെപ്സികോ വക്താവ് അറിയിച്ചിട്ടുണ്ട്.
ജങ്ക് ഫുഡായ ലെയ്സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒമ്പത് കര്‍ഷകരില്‍ നിന്നും 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കമ്പനി കേസ് നൽകിയിരുന്നു. ഇതിനെതിരെ വൻതോതിൽ സോഷ്യൽ മീഡിയയിലും മറ്റുമായി പ്രതിഷേധവും നടന്നിരുന്നു. #BoycottLays, #BoycottPepsico കാമ്പയിനുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
ജീവിക്കാന്‍ പാടുപെടുന്ന കര്‍ഷകരെയാണ് വന്‍കിട കുത്തകക്കാര്‍ ആത്മഹത്യയുടെ വക്കിലേക്ക് ആട്ടിപ്പായിച്ചിരിക്കുന്നതെന്നും ഇത് വെറും ഒന്‍പത് കര്‍ഷകരെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലെയ്‌സ് കമ്പനി പരാതി പിന്‍വലിക്കുംവരെ അവരുടെ ഉത്പന്നം ബഹിഷ്‌കരിക്കണമെന്നും ഈ ഒരു ബഹിഷ്‌ക്കരണം നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും എന്നാല്‍ ആ കര്‍ഷകര്‍ക്ക് അവരുടെ ജീവിതം തിരികെ നല്‍കുമെന്നും അതിനായി ഒരുമിച്ച് ചേരണമെന്നുമാണ് സോഷ്യല്‍ മീഡിയിയിലൂടെ ഒരു വിഭാഗം ആവശ്യപ്പെട്ടത്.
FL 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എ ഇ 5 ട്രേഡ്മാര്‍ക്കില്‍ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്.
ഈ ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട്-2001 പ്രകാരം പെപ്‌സികോ കമ്പനിക്കാണെന്നും അതിനാൽ അനുമതിയില്ലാതെയാണ് കര്‍ഷകര്‍ ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കമ്പനി നിയമ നടപടി സ്വീകരിച്ചത്.
വിവാദത്തെത്തുടർന്ന് കഴിഞ്ഞയാഴ്ച, കേസ് ഒത്തുതീർപ്പാക്കാം എന്ന് കാണിച്ചുകൊണ്ട് പെപ്സികോ കർഷകരെ സമീപിച്ചിരുന്നു. എന്നാൽ അപ്പോഴും ഉരുളകിഴങ്ങു വിത്തുകൾ തങ്ങളിൽ നിന്ന് മാത്രമേ വാങ്ങാവൂ എന്നും വിളകൾ തങ്ങൾക്ക് മാത്രമേ വിൽക്കാവൂ എന്നും കമ്പനി വ്യവസ്ഥ വെച്ചിരുന്നു.