| Saturday, 4th December 2021, 12:46 pm

ലെയ്സിന്റെ 'കുത്തക' തകര്‍ത്ത് കര്‍ഷകര്‍; പെപ്സികോയുടെ പേറ്റന്റ് ഇന്ത്യ റദ്ദുചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലെയ്‌സ് പൊട്ടറ്റോ ചിപ്‌സ് നിര്‍മാണത്തിന് വേണ്ടി ഇന്ത്യയില്‍ പ്രത്യേക ഇനം ഉരുളക്കിഴങ്ങ് വളര്‍ത്താനുള്ള അവകാശം പെപ്‌സികോയ്ക്ക് നഷ്ടമായി.

കമ്പനിയുടെ പേറ്റന്റ് ഇന്ത്യ റദ്ദാക്കിയതായി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് (പി.പി.വി.എഫ്.ആര്‍) അതോറിറ്റി വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയിരിക്കുന്നതായി പി.പി.വി.എഫ്.ആര്‍ അതോറിറ്റി ചെയര്‍മാന്‍ കെ.വി.പ്രഭു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്ക് എതിരെ പേറ്റന്റ് ലംഘിച്ചതിനുള്ള കേസ് പെപ്‌സികോ പാരതി കൊടുക്കുകയും തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് 2019 ല്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. പെപ്‌സികോ ഉല്‍പന്നമായ ലെയ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പെപ്‌സികോ കോടതിയെ സമീപിച്ചത്.

പ്രത്യേകയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലെന്നും പെപ്‌സികോയ്ക്ക് മാത്രം കൃഷി ചെയ്യാന്‍ അനുമതിയുള്ള ഉരുളക്കിഴങ്ങാണ് ഇതെന്നുമാണ് കമ്പനി പറഞ്ഞത്. ലെയ്‌സ് നിര്‍മ്മിക്കാന്‍ എടുക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഒമ്പത് കര്‍ഷകര്‍ 1.05 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്‌സി വാദിച്ചത്.

ഇതിന് പിന്നാലെ ലെയ്‌സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ പെപ്‌സികോ ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉണ്ടായിരുന്നു.

പെപ്‌സികോയുടെ പേറ്റന്റ് റദ്ദ് ചെയ്യാനുള്ള തീരുമാനം ഇന്ത്യയിലെ കര്‍ഷകരുടെ വീജയമാണെന്നാണ് ഗുജറാത്തില്‍ നിന്നുള്ള കര്‍ഷകരുടെ പ്രതികരണം.

”ഈ ഉത്തരവ് ഇന്ത്യയിലെ കര്‍ഷകരുടെ വലിയ വിജയമാണ്, കൂടാതെ ഏത് വിളകളും കൃഷി ചെയ്യാനുള്ള അവരുടെ അവകാശം വീണ്ടും ഉറപ്പിക്കുന്നു,’ 2019 ല്‍ പെപ്സിക്കോ കേസുകൊടുത്ത ഗുജറാത്തിലെ കര്‍ഷകരില്‍ ഒരാളായ ബിപിന്‍ പട്ടേല്‍ പറഞ്ഞു.

1989ല്‍ ആണ് പെപ്‌സികോ ആദ്യത്തെ ഉരുളക്കിഴങ്ങ് ചിപ്‌സ് ഫാക്റ്ററി സ്ഥാപിച്ചത്. ഒരു കൂട്ടം കര്‍ഷകര്‍ക്ക് എഫ്.സി5 എന്ന വെറൈറ്റിയില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ നല്‍കുകയും ഇത് നിശ്ചിത തുകയ്ക്ക് പെപ്‌സികോ തിരികെ വാങ്ങുന്നതുമായിരുന്നു രീതി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  PepsiCo loses rights to special Lays variety potato in India

We use cookies to give you the best possible experience. Learn more