തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കൊക്കകോളയും പെപ്‌സിയും വില്‍ക്കേണ്ടതില്ലെന്ന് വ്യാപാരി സംഘടനകള്‍ തീരുമാനിച്ചു. ബഹിഷ്‌കരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി വ്യാപാരികള്‍ നാളെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ജലചൂഷണം തടയുന്നതിന്റെയും സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് വ്യാപാരികളുടെ തീരുമാനം.
തമിഴ്‌നാട്ടില്‍ കോളയുടെയും പെപ്‌സിയുടേയും ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്ന് വ്യാപാരികള്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് കേരളത്തിലും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനവുമായി വ്യാപാരി സംഘടനകള്‍ മുന്നോട്ട് വന്നത്. ഈ മാസം ഒന്നു മുതലാണ് തമിഴ്‌നാട്ടില്‍ കോളയുടെയും പെപ്‌സിയുടേയും ഉത്പന്നങ്ങളുടെ വില്‍പ്പന അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റി ലാഭം കൊയ്യുന്ന കമ്പനികള്‍ക്കെതിരെ വ്യാപരി സംഘടനകള്‍ രംഗത്തെത്തിയത്. സംസ്ഥാനത്തെ ഏഴു ലക്ഷം വ്യാപാരികളാണ് കോളയും പെപ്‌സിയും ഉള്‍പ്പെടെയുള്ള ശീതള പാനീയങ്ങളുടെ വില്‍പ്പന അവസാനിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
നേരത്തെ തമിഴ്‌നാട് വ്യാപാരികളുടെ തീരുമാനത്തിനെതിരേ കേന്ദ്ര ഭക്ഷ്യമന്ത്രി ഹര്‍സിമ്രാട്ട് കൗര്‍ ബാദല്‍ രംഗത്തെത്തിയിരുന്നു. കൊക്ക കോളയും പെപ്സിയും ബഹിഷ്‌കരിച്ച നടപടി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു ബാദല്‍ അഭിപ്രായപ്പെട്ടത്. ഇത്തരം നടപടികള്‍ കരിഞ്ചന്ത വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യുവെന്നും അവര്‍ പറഞ്ഞിരുന്നു.