ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പ് വിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. താരത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
താരം സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറിയതിന്റെ കാരണം വെളിപ്പടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പോര്‍ച്ചുഗല്‍ താരം പെപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സന്തോഷം നോക്കി മാത്രമാണ് അല്‍ നസറിലേക്ക് പോയതെന്നും അതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങളില്ലെന്നും പെപ്പെ പറഞ്ഞു.
‘അവന്‍ അല്‍ നസറിലേക്ക് പോകാന്‍ തീരുമാനിച്ചതറിഞ്ഞ് ഞാന്‍ വിളിച്ചിരുന്നു. അന്നെന്നോട് പറഞ്ഞത് സന്തോഷമായിരിക്കുക മാത്രമാണ് ലക്ഷ്യമെന്നും കുടുംബവും സംതൃപ്തരായിരിക്കണമെന്നുമായിരുന്നു, അത് തന്നെയാണ് കാരണം. അല്ലാതെ മറ്റൊന്നുമില്ല,’ പെപ്പെ പറഞ്ഞു.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.
അഭിമുഖത്തില്‍ കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചും ക്ലബ്ബില്‍ താന്‍ അഭിമുഖീകരിച്ചിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചുമെല്ലാം റൊണാള്‍ഡോ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും റൊണാള്‍ഡോയും പരസ്പരണ ധാരണയോടെ പിരിഞ്ഞത്.
യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തുകയായിരുന്നു. 200 മില്യണ്‍ ഡോളര്‍ നല്‍കിയാണ് താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ നസറില്‍ മികവോടെ കളിക്കുകയാണ് റൊണാള്‍ഡോ.
ഇതുവരെ നാല് മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. കൂടാതെ ലീഗ് ഫുട്‌ബോളില്‍ 500 ഗോളുകള്‍ എന്ന നേട്ടം അല്‍ നസറില്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ഈ വര്‍ഷം മെസി നേടിയ ഗോളുകളെക്കാള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു.
Content Highlights: Pepe reveals why Cristiano Ronaldo moved to Al Nassr