| Wednesday, 1st March 2023, 4:20 pm

ബെൻസെമക്കല്ല റയലിലെ ആ സൂപ്പർ താരത്തിനായിരുന്നു 2022ലെ ബാലൻ ഡി ഓർ കിട്ടേണ്ടിയിരുന്നത്: പെപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രാൻസിന്റെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ താരമാണ് കരിം ബെൻസെമ. രാജ്യത്തിനായി വലിയ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ലെങ്കിലും ക്ലബ്ബ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനായി മിന്നും പ്രകടനമാണ് ബെൻസെമ പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.

2021-2022 സീസണിൽ ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സ്പാനിഷ് സൂപ്പർ കപ്പ് മുതലായ കിരീടങ്ങളൊക്കെ നേടിയ ബെൻസെമ 2022ലെ ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

സീസണിൽ 46 മത്സരങ്ങളിൽ നിന്നായി 44 ഗോളുകളും 15 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

എന്നാലിപ്പോൾ 2022ലെ ബാലൻ ഡി ഓർ ലഭിക്കേണ്ടിയിരുന്നത് ബെൻസെമക്കല്ലെന്നും ബെൽജിയം താരമായ റയൽ മാഡ്രിഡ് സൂപ്പർ ഗോൾ കീപ്പറായ തിബോട്ട് കോർട്ടോയിസിനാണെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ലിവർപൂളിന്റെ ഇതിഹാസതാരമായിരുന്ന പെപ്പെ റെയ്ന.

മാഡ്രിഡ് എക്സ്ട്രക്കി നൽകിയ അഭിമുഖത്തിലാണ് ബാലൻ ഡി ഓർ പുരസ്‌കാരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം റെയ്ന തുറന്ന് പറഞ്ഞത്.
“ബാലൻ ഡി ഓർ പുരസ്കാരത്തെക്കുറിച്ച് പറയുകയാണെങ്കിൽ അത് ശരിക്കും കോർട്ടോയിസിനാണ് ലഭിക്കേണ്ടിയിരുന്നത്.

അദ്ദേഹത്തിന്റെ പൊസിഷനിൽ ലോകത്തിലെ ഒന്നാം നമ്പർ താരമാണ് കോർട്ടോയിസ്. ആ പുരസ്കാരം ഒരു ഗോൾ കീപ്പർ നേടുന്നത് കാണാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്,’ പെപ്പെ റെയ്ന പറഞ്ഞു.

റയൽ ലിവർപൂളിനെ തോൽപ്പിച്ച 2021-22 ഫൈനലിൽ ഒമ്പത് സേവുകളാണ് കോർട്ടോയിസ് ലിവർപൂളിനെതിരെ നടത്തിയിരുന്നത്.

അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 52 പോയിന്റോടെ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.

കോപ്പാ ഡെൽ റെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്സക്കെതിരെയുള്ള എൽ ക്ലാസിക്കോയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
മാർച്ച് മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 1:30 നാണ് മത്സരം നടക്കുന്നത്.

Content Highlights:Pepe Reina says Karim Benzema’s Real Madrid teammate Thibaut Courtois should’ve won the 2022 Ballon d’Or

We use cookies to give you the best possible experience. Learn more