ഫിഫ ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരനെന്ന റെക്കോഡ് സ്വന്തമാക്കി പോർച്ചുഗൽ താരം പെപ്പെ. ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും പെപ്പെ സ്വന്തമാക്കി.
തന്റെ 39ാമത്തെ വയസിലാണ് പെപ്പെ ഈ റെക്കോഡ് നേടുന്നത്. അതേസമയം കാമറൂണിന്റെ റോജർ മില്ലയാണ് വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം.
1994 ലോകകപ്പിൽ റഷ്യക്കെതിരെയാണ് മില്ല ഗോൾ നേടിയത്. 37കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലാൻഡിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇറങ്ങാതിരുന്നതിനാൽ പെപ്പെയാണ് പോർച്ചുഗലിന്റെ നായകനായി എത്തിയത്.
ഈ ലോകകപ്പിൽ ആദ്യമായാണ് നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി പോർച്ചുഗൽ ടീമിനെ കോച്ച് സാന്റോസ് കളത്തിലിറക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരത്തിലും ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്തിയെങ്കിലും നിർണായക ഘട്ടത്തിൽ താരത്തെ പിൻവലിക്കേണ്ടിവന്നിരുന്നു.
കളിയുടെ 17ാം മിനിട്ടിൽ ഗോൺസാലോ റാമോസ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടി. 32ാം മിനിട്ടിൽ പെനാൽട്ടി കോർണറിൽ നിന്നായിരുന്നു പെപ്പെയുടെ ഗോൾ.
പിന്നീട് 51, 67 മിനിട്ടുകളിൽ ഗോൺസാലോ രണ്ട് ഗോളുകൾ കൂടി നേടി ഹാട്രിക് സ്വന്തമാക്കി. 55ാം മിനിട്ടിലായിരുന്നു റാഫേൽ ഗ്വിറേറോയുടെ ഗോൾ. മാന്വൽ അകഞ്ചിയാണ് സ്വിറ്റ്‌സർലൻഡിനായി ആശ്വാസ ഗോൾ നേടിയത്.
73ാം മിനിട്ടിൽ ജാവോ ഫെലിക്‌സിനെ പിൻവലിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെയിറക്കി. തുടർന്ന് താരം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിക്കുകയായിരുന്നു.
Content Highlights: Pepe becomes the second oldest player to score at the World Cup