നേടിയത് ഒറ്റ ഗോള്‍; പെപെ നടന്നുകയറിയത് ചരിത്രനേട്ടത്തിലേക്ക്
Football
നേടിയത് ഒറ്റ ഗോള്‍; പെപെ നടന്നുകയറിയത് ചരിത്രനേട്ടത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th November 2023, 12:27 pm

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ പോര്‍ട്ടോ ആന്റ്വെര്‍പ്പിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

മത്സരത്തില്‍ പോര്‍ട്ടോയുടെ പോര്‍ച്ചുഗീസ് താരം പെപെ അവിസ്മരണീയമായ ഗോള്‍ നേടിയിരുന്നു. ഈ ഗോളോടെ ഒരു പുതിയ ചരിത്ര നേട്ടത്തിലേക്കാണ് പെപെ കാലെടുത്തുവെച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന 40 വയസ്സിനു മുകളിലുള്ള ആദ്യ താരമെന്ന നേട്ടമാണ് പെപെ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ആയിരുന്നു പെപെയുടെ ഗോള്‍ പിറന്നത്. കോര്‍ണറില്‍ നിന്നുമുള്ള ക്രോസില്‍ നിന്നും ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് പെപെ ഗോള്‍ നേടിയത്.

തന്റെ നാല്‍പ്പതാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്‌ബോളില്‍ കാഴ്ചവെക്കുന്നത്. 2001ലാണ് പെപെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിക്കുന്നത്.

സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനൊപ്പവും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. റയലിന്റെ മൂന്ന് ചാമ്പ്യന്‍സ് കിരീടവിജയത്തിലും പെപെ പങ്കാളിയായിട്ടുണ്ട്.

പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡ്രാഗാവോ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു പോര്‍ട്ടോ അണിനിരന്നത്. അതേസമയം മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി കൃത്യമായി ലക്ഷ്യത്തില്‍ എത്തിച്ച് ഇവാന്‍ലിസണ്‍ പോര്‍ട്ടോക്ക് ആദ്യ ലീഡ് നേടിക്കൊടുത്തു. മറുപടി ഗോളിനായി എതിരാളികള്‍ നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ട്ടോയുടെ പ്രതിരോധം മറികടക്കാന്‍ ആയില്ല.

ഗ്രൂപ്പ് എച്ചില്‍ നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവുമായി ഒന്‍പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് പോര്‍ട്ടോ.

ലിഗ പോര്‍ച്ചുഗലില്‍ നവംബര്‍ 12ന് വിക്ടോറിയ എസ്.സിയുമായാണ് പോര്‍ട്ടോയുടെ അടുത്ത മത്സരം.

Content Highlight: Pepe became the first player over the age of 40 to score a Champions League.