ഞങ്ങളുടേത് ഒരു കോമ്പറ്റീഷന്‍ ഐറ്റമല്ല; കിങ് ഓഫ് കൊത്തയും ബോസ് ആന്‍ഡ് കോയും തമ്മിലുള്ള മത്സരത്തെ കുറിച്ച് ഷെയ്‌നും പെപ്പെയും
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്തയും നിവിന്‍ പോളി നായകനായ ബോസ് ആന്‍ഡ് കോയും പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ആര്‍.ഡി.എക്‌സുമായിരുന്നു ഇത്തവണ ഓണം റിലീസുകളായി തിയേറ്ററിലെത്തിയ പ്രധാന ചിത്രങ്ങള്‍.
മൂന്ന് ഴോണറുകളിലായിയിട്ടാണ് ഈ ചിത്രങ്ങള്‍ ഒരുക്കിയത്. മാസ് ആക്ഷന്‍ ചിത്രമായി കിങ് ഓഫ് കൊത്ത എത്തിയപ്പോള്‍ ഔട്ട് ആന്‍ഡ് ഔട്ട് കോമഡി ചിത്രമായിട്ടായിരുന്നു ബോസ് ആന്‍ഡ് കോയുടെ വരവ്. ഇടിപ്പടമെന്ന ലേബലായിരുന്നു ആര്‍.ഡി.എക്‌സിന്.
പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ കിങ് ഓഫ് കൊത്ത പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണം. കോമഡി ഴോണറില്‍ എത്തിയ ബോസ് ആന്‍ഡ് കോയും സമ്മിശ്ര പ്രതികരണവുമായി മുന്നോട്ടുപോകുമ്പോള്‍ യുവതാരനിര അണിനിരന്ന ആര്‍.ഡി.എക്‌സ് ആണ് ഇത്തവണത്തെ ഓണം തൂക്കിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
മിന്നല്‍ മുരളി എന്ന ചിത്രത്തിന് ശേഷം സോഫിയ പോള്‍ നിര്‍മിച്ച ചിത്രം വലിയ ഹൈപ്പൊന്നും ഇല്ലാതെയായിരുന്നു റിലീസിന് എത്തിയത്. എന്നാല്‍ ആദ്യഷോയ്ക്ക് പിന്നാലെ തന്നെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മാസ് ആക്ഷനുകളും അതിനൊപ്പം മികച്ചൊരു തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും സിനിമയെ വേറൊരു തലത്തില്‍ എത്തിച്ചെന്നായിരുന്നു പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
കിങ് ഓഫ് കൊത്തയ്ക്കും ബോസ് ആന്‍ഡ് കോയ്ക്കും വലിയ വെല്ലുവിളി ആര്‍.ഡി.എസ്‌ക് സൃഷ്ടിച്ചെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാല്‍ തങ്ങള്‍ ഒരു സിനിമയുമായും കോമ്പറ്റീഷന് ഇല്ലെന്ന് പറയുന്ന ഷെയ്ന്‍ നിഗത്തിന്റേയും പെപ്പെയുടേയും വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തങ്ങളുടേത് ഒരു കോമ്പറ്റീഷന്‍ ഐറ്റമല്ലെന്നും ഇരുവരും പറയുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന് മുന്‍പാണ് ഇത്തരമൊരു നിലപാട് താരങ്ങള്‍ എടുക്കുന്നത്.
‘കിങ് ഓഫ് കൊത്തയെ കുറിച്ചും ബോസ് ആന്‍ഡ് കോയെ കുറിച്ചും ഞങ്ങള്‍ പറയേണ്ട കാര്യമില്ലല്ലോ. ആ സിനിമ ആളുകള്‍ കയറി കണ്ടോളും. ഞങ്ങള്‍ക്ക് കോമ്പറ്റീഷനേ ഇല്ല. വേണമെങ്കില്‍ കൊത്തയും ബോസ് ആന്‍ഡ് കോയും തമ്മില്‍ കോമ്പറ്റീഷന്‍ ആയിക്കോട്ടെ. ഞങ്ങള്‍ സൈഡിലൂടെ പോയ്‌ക്കോളാം. കിങ് ഓഫ് കൊത്തയും ബോസ് ആന്‍ഡ് കോയും എല്ലാം ഹിറ്റാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. എല്ലാവരും അടിച്ചുപൊളിക്കട്ടെ, എല്ലാവരും എന്‍ജോയ് ചെയ്യട്ടെ. പിന്നെ ഞങ്ങള്‍ അവരുമായി കോമ്പീറ്റ് ചെയ്യേണ്ട കാര്യമില്ല. ഞങ്ങള്‍ ഒരു കോമ്പറ്റീഷന്‍ ഐറ്റമല്ല,’ എന്നായിരുന്നു മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്‌നും പെപ്പെയും പറഞ്ഞത്.
ആര്‍.ഡി.എക്‌സിന്റെ പ്രധാന സെല്ലിങ് പോയിന്റായി മുന്‍പോട്ടുവെക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന ചോദ്യത്തിന് പ്രൊഡക്ഷന്‍ ഹൗസ് ഭയങ്കര സംഭവമാണല്ലോ എന്നായിരുന്നു താരങ്ങളുടെ മറുപടി. മിന്നല്‍ മുരളിയ്ക്ക് ശേഷം വരുന്ന സിനിമയെന്നത് സെല്ലിങ് പോയിന്റാണ്. പിന്നെ അതിനൊപ്പം പെപ്പെ, ഷെയ്ന്‍ നിഗം, നീരജ് മാധവ് ഇതൊക്കെ ഫാക്ടറല്ലേ എന്നായിരുന്നു ചിരിയോടെയുള്ള പെപ്പെയുടെയും ഷെയ്‌ന്റേയും മറുപടി. സെല്ലിങ് പോയിന്റ് എന്താണെന്നൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും താരങ്ങള്‍ പറയുന്നുണ്ട്.
Content Highlight: pepe and shane comment on RDX competition with Kotha and Boss and co