ലണ്ടന്‍: വിനീഷ്യസ് ജൂനിയറിനെതിരായ വംശീയവെറി വിഷയത്തില്‍ ലാ ലിഗയെ വിമര്‍ശിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗാര്‍ഡിയോള. ലാ ലിഗയെ പോലെയല്ല പ്രീമിയര്‍ ലീഗെന്നും അവിടെ ഇത്തരം കാര്യങ്ങളില്‍ കര്‍ശന നിയമമാണെന്നും സ്പാനിഷ് പരിശീലകനായ പെപ് പറഞ്ഞതായി കിക്ക് ഓഫ് റിപ്പോര്‍ട്ട് ചെയ്തു.
‘ഇത് എല്ലായിടത്തും പ്രശ്‌നമാണ്. നമ്മളുടെ രാജ്യം എല്ലാം കൊണ്ടും മികച്ചതാണെന്ന് കരുതും. നമ്മള്‍ സഞ്ചരിക്കുമ്പോഴാണ് എല്ലാവരും ഒരുപോലെയാണെന്ന് നമുക്ക് തിരിച്ചറിയാനാകുക. എല്ലായിടത്തും വംശീയത ഉണ്ടെന്നതാണ് പ്രശ്‌നം. നാമെല്ലാവരും ആളുകളെ മനുഷ്യരായി കാണേണ്ടതുണ്ട്. പക്ഷേ നമ്മള്‍ അതില്‍ നിന്ന് വളരെ അകലെയാണ്.
എല്ലായിടത്തും എല്ലാ തലമുറകള്‍ക്കും വേണ്ടിയുമാണ് ഇത് പറയാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ പൂര്‍വികരെല്ലാം കുടിയേറ്റക്കാരാണ്. യുദ്ധങ്ങള്‍ കാരണമാണ് അവര്‍ക്ക് രാജ്യം വിടേണ്ടി വന്നത്. അവര്‍ ചെന്നിടത്തെല്ലാം കുടുംബങ്ങളുണ്ടാക്കി. പിന്നീടാണ് അവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങി വന്നത്. ഇത് സ്‌പെയിനിനെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചറിവിന്റെ സമയമാണ്. അവിടുത്തെ അവസ്ഥ മാറുമെന്ന് കരുതാം. എന്നാലും എനിക്ക് അമിത പ്രതീക്ഷകളില്ല,’ പെപ് ഗാര്‍ഡിയോള പറഞ്ഞു.
കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനോട് പരസ്യമായി ക്ഷമ ചോദിച്ച് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് രംഗത്തെത്തിയിരുന്നു. കാര്യമറിയാതെയാണ് താന്‍ ആദ്യം റയല്‍ താരത്തെ വിമര്‍ശിച്ചതെന്നും താരത്തെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘ഞാന്‍ ഒരിക്കലും വിനീഷ്യസിനെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പലരീതിയിലും ആളുകള്‍ മനസിലാക്കിയിട്ടുള്ളത് അങ്ങനെയാണ്. അതൊരു തെറ്റിദ്ധാരണ മാത്രമാണ്. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല’ എന്നായിരുന്നു ടെബാസ് പറഞ്ഞത്.