| Sunday, 8th January 2023, 11:54 pm

സാക്ഷാൽ റൊണാൾഡോയുടെ ക്ഷണവും നിരസിച്ച് സൂപ്പർ കോച്ച്; ബ്രസീലിന് കനത്ത തിരിച്ചടി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് തോൽവിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകൻ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീൽ ദേശീയ ടീം. ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോടു തോൽവി വഴങ്ങി ബ്രസീൽ ടൂർണമെന്റിൽ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകൾ ബ്രസീൽ മാനേജർ സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം വന്നിട്ടില്ല. അതിൽ പ്രധാനമായും ഉയർന്നുകേട്ടത് പെപ് ​ഗ്വാർഡിയോളയുടെ പേരായിരുന്നു.

എന്നാൽ പെപ് ഗ്വാർഡിയോള ബ്രസീൽ പരിശീലകനാവാനുള്ള ഓഫർ നിരസിച്ചുവെന്ന റിപ്പോർട്ടുകളായിരുന്നു പിന്നീട് പുറത്തുവന്നത്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോ ക്ഷണിച്ചിട്ടും ഗ്വാർഡിയോള നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷങ്ങൾ കൂടി മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടരാനാണ് പെപ്പിന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്വാർഡിയോളക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കാതെ വന്നതോടെ ബ്രസീൽ മറ്റു പരിശീലകരിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയാണ് അവരുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമായി കണക്കാക്കപ്പെടുന്നത്.

പെപ് ഗ്വാർഡിയോളയെ പോലെ തന്നെ ആൻസലോട്ടിയും ഒരു ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഇതിനു പുറമെ ഹോസെ മൗറീന്യോയും ബ്രസീൽ പരിഗണിക്കുന്ന പേരുകളിൽ പെടുന്നു.

അതേസമയം, ക്രൊയേഷ്യക്കെതിരെ പെനാൽട്ടി ഷൂട്ടൗട്ടിൽ 4-2 എന്ന സ്‌കോറിനാണ് ബ്രസീൽ പരാജയപ്പെട്ടത്. തോൽവിയെ തുടർന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.

61കാരനായ ടിറ്റെ 2016 മുതൽ ബ്രസീലിന്റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ൽ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാൽ 2018, 2022 ലോകകപ്പിൽ ബ്രസീലിന് ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായില്ല. ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടിൽ കിക്കെടുക്കാൻ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെക്കെതിരെ വിമർശനം ശക്തമായിരുന്നു.

Content Highlights: Pep Guardiola will not join with team Brazil

We use cookies to give you the best possible experience. Learn more