| Tuesday, 13th June 2023, 12:03 pm

പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു? അടുത്ത തട്ടകം എവിടെ? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പരിശീലക മികവ് കൊണ്ട് ലോകത്തെ ഏറ്റവും മികച്ച കോച്ചിലൊരാളെന്ന ഖ്യാതി നേടിയയാളാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഈ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിലേക്ക് കന്നി കിരീടമെത്തിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയെ സ്വപ്ന നേട്ടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചാമ്പ്യന്‍സ് ലീഗിന് പുറമെ സീസണിലെ പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലും സിറ്റിയെ ജേതാക്കളാക്കി ക്ലബ്ബിനായി ട്രെബിള്‍ എന്ന അപൂര്‍വ നേട്ടം കൊയ്യാനും അദ്ദേഹത്തിന് സാധിച്ചു.

2025 വരെയാണ് പെപ്പിന് സിറ്റിയുമായി കരാറുള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷവും ഗ്വാര്‍ഡിയോളയോട് ക്ലബ്ബില്‍ തുടരണമെന്ന് സിറ്റി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് നിരസിച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ സിറ്റിയില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പെപ് ഇത്തിഹാദിനോട് വിടപറയും.

2008ല്‍ ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേറ്റ പെപ്പിന് കീഴില്‍ മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് ബാഴ്‌സ നേടിയെടുത്തത്.

2012ലാണ് ഗ്വാര്‍ഡിയോള ബാഴ്‌സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ചാമ്പ്യന്‍സ് ലീഗിന് പുറമെ അഞ്ച് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവയും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി പേരെടുത്ത പെപ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ശേഷം ഏത് ക്ലബ്ബില്‍ പരിശീലിപ്പിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോള്‍ പ്രേമികള്‍. ലോകത്തിലെ നമ്പര്‍ വണ്‍ കോച്ചിനെ റാഞ്ചിക്കൊണ്ട് പോകാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കരിയറിന്റെ അവസാന ഘട്ടത്തില്‍ വമ്പന്‍ ക്ലബ്ബുകളിലൊന്നില്‍ പരിശീലിപ്പിച്ച് വിരമിക്കാനാകും പെപ് താത്പര്യപ്പെടുക എന്ന ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കൊണ്ടുള്ള മറുപടിയാണ് വിഷയത്തില്‍ പെപ് നല്‍കിയിരിക്കുന്നത്.

യുവതാരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി അവരെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാക്കി മാറ്റുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും, അതിനായി സ്പെയ്നിലെ ബാഴ്സലോണ അത്ലെറ്റിക്കിന്റെ പരിശീലകനായിക്കൊണ്ട് കരിയര്‍ അവസാനിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജോര്‍ജ് വെല്‍ദാനോക്ക് നല്‍കിയ അഭിമുഖത്തിലാണ് പെപ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

Content Highlights: Pep Guardiola will leave Manchester city on 2025

Latest Stories

We use cookies to give you the best possible experience. Learn more