| Sunday, 9th April 2023, 1:46 pm

ഒരാൾ സന്തോഷവാൻ, മറ്റൊരാൾ ചെറിയൊരു മടിയൻ; മെസിയേയും ഹാലണ്ടിനേയും താരതമ്യം ചെയ്ത് പെപ്പ് ഗ്വാർഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

സമകാലിക ലോകഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ലയണൽ മെസി. സ്പെയ്നിലെ ലാ മാസിയയിൽ കളി പഠിച്ച താരം മിന്നും വേഗത്തിലാണ് ഫുട്ബോളിന്റെ ചരിത്രത്താളുകളിലേക്ക് നടന്ന് കയറിയത്.

ഫുട്ബോൾ ലോകത്തെ നിലവിലെ മികച്ച യുവതാരങ്ങളിൽ ശ്രദ്ധേയനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരമായ എർലിങ്‌ ഹാലണ്ട്. ജർമൻ ക്ലബ്ബായ ബൊറൂസിയാ ഡോർട്മുണ്ടിൽ നിന്നും സിറ്റിയിലെത്തിയ താരം വന്നയുടൻ തന്നെ പ്രീമിയർ ലീഗിലെ പല റെക്കോർഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

എന്നാൽ മെസിയേയും ഹാലണ്ടിനേയും താരതമ്യം ചെയ്ത് ഇരു താരങ്ങളും തമ്മിലുള്ള സാമ്യ വ്യത്യാസങ്ങളെക്കുറിച്ച് പറയുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പ് ഗ്വാർഡിയോള.

ബാഴ്സലോണയിൽ മെസിയേയും സിറ്റിയിൽ ഹാലണ്ടിനേയും പരിശീലിപ്പിച്ച പെപ്പിന് ഇരു താരങ്ങളുടേയും മികവിനെയും പോരായ്മകളെയും കുറിച്ച് കൃത്യമായ. ധാരണയാണുള്ളത്.

സതാംപ്ടണിനെതിരെയുള്ള മത്സരശേഷമുള്ള  പത്ര സമ്മേളനത്തിലാണ് മെസിയേയും ഹാലണ്ടിനേയും താരതമ്യം ചെയ്ത് കൊണ്ട് പെപ്പ് സംസാരിച്ചത്. മാഞ്ചസ്റ്റർ ഈവനിങ്‌ ന്യൂസാണ് പത്ര സമ്മേളനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“ഹാലണ്ട് എപ്പോഴും ഹാപ്പിയാണ്. ഏത് നേരവും ചിരിച്ച് കൊണ്ടാണ് നടക്കുക. മെസിയാണെങ്കിൽ രണ്ട് ഗോൾ നേടിയ ശേഷം മൂന്നാമത്തെ ഗോൾ നേടില്ല. അദ്ദേഹം ചെറിയ മടി കാണിക്കുന്നത് ഒരു വിഷമമാണ്. ഹാലണ്ടിന് കളിക്കളത്തിൽ എപ്പോഴും നല്ല മൂഡായിരിക്കും,’ പെപ്പ് പറഞ്ഞു.

“ഈ സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഹാലണ്ടിന് കഴിയാതിരുന്നപ്പോൾ അദ്ദേഹം സിറ്റിക്ക് പറ്റിയവനല്ലെന്ന് ആളുകൾ പറഞ്ഞു. എന്നാലും ട്രെയ്നിങ്ങിന് ചിരിയുമായി എത്തിയ അദ്ദേഹം കളിക്കളത്തിൽ മികച്ച ഇമ്പാക്ട് ഉണ്ടാക്കി,’ പെപ്പ് കൂട്ടിച്ചേർത്തു.

അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിൽ 29 മത്സരങ്ങളിൽ നിന്നും 67 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്ഥാനം.

ഏപ്രിൽ 12ന് ബയേൺ മ്യൂണിക്കിനെതിരേയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Pep Guardiola talks the difference between Erling Haaland andLionel Messi

Latest Stories

We use cookies to give you the best possible experience. Learn more