'അവര്‍ രണ്ട് പേരും എനിക്ക് പ്രിയപ്പെട്ടവര്‍, രണ്ട് പേര്‍ക്കും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കണം'; ഗ്വാര്‍ഡിയോള ഇങ്ങനെ പറഞ്ഞതെന്തിന്?
Sports News
'അവര്‍ രണ്ട് പേരും എനിക്ക് പ്രിയപ്പെട്ടവര്‍, രണ്ട് പേര്‍ക്കും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കണം'; ഗ്വാര്‍ഡിയോള ഇങ്ങനെ പറഞ്ഞതെന്തിന്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 4:23 pm

 

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ആര് നേടുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2024 ഒക്ടോബര്‍ എട്ടിനാണ് ഇത്തവണത്തെ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി, റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍, റയലിന്റെ തന്നെ ജൂഡ് ബെല്ലിങ്ഹാം, സ്പാനിഷ് വണ്ടര്‍ കിഡ് ഡാനി കാര്‍വജാല്‍, അര്‍ജന്റീനയുടെ കോപ്പ അമേരിക്ക കിരീടത്തിന് കാരണക്കാരനായ ലൗട്ടാരോ മാര്‍ട്ടിനസ് തുടങ്ങി ഇത്തവണത്തെ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പിക്കുന്ന താരങ്ങളുടെ പട്ടിക ഏറെ വലുതാണ്.

കഴിഞ്ഞ തവണത്തെ ജേതാവായ ലയണല്‍ മെസിയും രണ്ടാം സ്ഥാനക്കാരനായ എര്‍ലിങ് ഹാലണ്ടും ഇത്തവണയും ബാലണ്‍ ഡി ഓര്‍ സാധ്യതാ പട്ടികയുടെ ഭാഗമാണ്.

2023-24 സീസണില്‍ 45 ഗോളും ആറ് അസിസ്റ്റുമായാണ് ഹാലണ്ട് മുന്നേറ്റം തുടരുന്നത്. പ്രീമിയര്‍ ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളും നോര്‍വീജിയന്‍ സൂപ്പര്‍ താരം നേടിയിട്ടുണ്ട്.

ഒമ്പതാം ബാലണ്‍ ഡി ഓര്‍ ലക്ഷ്യമിടുന്ന മെസിയാകട്ടെ കഴിഞ്ഞ സീസണില്‍ 28 ഗോളാണ് നേടിയത്. 17 തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു. ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീത്തിലേക്ക് നയിച്ച മെസി, അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പയും സമ്മാനിച്ചിരുന്നു.

ആരാധകര്‍ക്കിടയില്‍ വീണ്ടും മെസി-ഹാലണ്ട് സ്റ്റാര്‍ ബാറ്റില്‍ ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. 2022-23 സീസണിലെ ബാലണ്‍ ഡി ഓറിന്റെ സമയത്തുള്ള ഗ്വാര്‍ഡിയോളയുടെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

മെസിയും ഹാലണ്ടും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഇരുവര്‍ക്കും ബാലണ്‍ ഡി ഓര്‍ നല്‍കണമന്നുമാണ് അദ്ദേഹം പറഞ്ഞത്.

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഹാലണ്ടിന്റെ ഇരട്ട ഗോളിന്റെ കരുത്തില്‍ സിറ്റി യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന ഗോളിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പെപ് ഇക്കാര്യം പറഞ്ഞത്.

‘മെസിയോടും ഹാലണ്ടിനോടും എനിക്ക് വലിയ സ്നേഹമാണ്. മെസിയാണ് ബാലണ്‍ ഡി ഓറിന് അര്‍ഹനാകുന്നതെങ്കില്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന നിലയില്‍ അത് അര്‍ഹിക്കുന്ന അംഗീകാരമായിരിക്കും. ഇനി ഹാലണ്ടാണ് പുരസ്‌കാര ജേതാവാകുന്നതെങ്കില്‍ അത് കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് അവന് കിട്ടുന്ന അംഗീകാരമാകും.

ഈ വര്‍ഷം അവര്‍ രണ്ട് അവാര്‍ഡുകള്‍ നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. മെസിയും ഹാലണ്ടും ഒരുപോലെ ബാലണ്‍ ഡി ഓറിന് അര്‍ഹരാണ്,’ ഗ്വാര്‍ഡിയോള പറഞ്ഞു.

 

അതേസമയം, ഓഗസ്റ്റ് പത്തിന് നടന്ന എഫ്.എ കമ്യൂണിറ്റി ഷീല്‍ഡും സിറ്റിസണ്‍സ് നേടിയിരുന്നു. വെംബ്ലിയില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് പെപ്പിന്റെ കുട്ടികള്‍ കിരീടമുയര്‍ത്തിയത്.

82ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. അലജാണ്ട്രോ ഗാര്‍ണാച്ചോയിലൂടെ യുണൈറ്റഡാണ് ലീഡ് നേടിയത്. എന്നാല്‍ നിശ്ചിത സമയം അവസാനിക്കാന്‍ ഒറ്റ മിനിട്ട് മാത്രം ബാക്കി നില്‍ക്കെ ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി സമനില പിടിച്ചു. ഒടുവില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് സിറ്റി കിരീടമണിയുന്നത്.

 

Content Highlight: Pep Guardiola’s words to give the Ballon d’Or to Messi and Haaland last time are being discussed again