ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ബോണ്‍മൗത്തിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പെപും കൂട്ടരും തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഏര്‍ലിങ് ഹാലണ്ടിനെ മത്സരത്തിന്റെ ആദ്യപകുതിയില്‍ അപ്രതീക്ഷിതമായി കോച്ച് പെപ് ഗാര്‍ഡിയോള പിന്‍വലിച്ചിരുന്നു. ഇപ്പോഴിതാ ഹാലണ്ടിനെ ആദ്യ പകുതിയില്‍ പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗാര്‍ഡിയോള.
ഹാലണ്ടിന്റെ കണങ്കാലിനെകുറിച്ചുള്ള ആശങ്ക കൊണ്ടാണ് താരത്തെ പിന്‍വലിച്ചതെന്നാണ് പെപ് പറഞ്ഞത്.
‘ഹാലണ്ടിന്റെ കണങ്കാലിന് പരിക്കുണ്ട്. അതുകൊണ്ട് അതികം റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. അവന്‍ ചൊവ്വാഴ്ച മടങ്ങിവരും ചിലപ്പോള്‍ അത് അടുത്ത ഞായറാഴ്ച ആയിരിക്കാം,’ ഗാര്‍ഡിയോള മിറര്‍ വഴി പറഞ്ഞു.
മത്സരത്തില്‍ ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന സിറ്റി രണ്ടാം പകുതിയില്‍ ഹാലണ്ടിനെ പിന്‍വലിക്കുകയായിരുന്നു. ഇംഗ്ലണ്ട് യുവതാരം ഫിലിപ്പ് ഫോഡനെയാണ് പെപ് ഹാലണ്ടിന്റെ പകരകാരനായി കൊണ്ടുവന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നും 11 ഗോളുകള്‍ നേടികൊണ്ട് മിന്നും പ്രകടനമാണ് ഹാലണ്ട് നടത്തുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് ഗോളുകളും താരം നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദില്‍ നടന്ന മത്സരത്തില്‍ 30ാം മിനിട്ടില്‍ ജെറമി ഡോകു ആണ് സിറ്റിയുടെ ഗോളടിമേളക്ക് തുടക്കം കുറിച്ചത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ബെര്‍ണാഡോ സില്‍വ (32′, 87′) ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ മാനുവല്‍ അക്കാഞ്ചി(37′), ഫിലിപ് ഫോഡന്‍(64′) നഥാന്‍ ആക്കെ(88′) എന്നിവരായിരുന്നു മറ്റ് ഗോള്‍സ്‌കോറര്‍മാര്‍. ലൂയിസ് സിനിസ്‌ട്ടെറയുടെ വകയായിരുന്നു ബെര്‍ണ്‍മൗത്തിന്റെ ആശ്വാസഗോള്‍.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും ഒന്‍പത് വിജയവുമായി 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി.
ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ എട്ടിന് യങ് ബോയ്‌സുമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദിലാണ് മത്സരം നടക്കുക.
Content Highlight: Pep Guardiola reveals why he substituted Erling Haland off at half-time during 6-1 Manchester City win.