| Saturday, 27th May 2023, 4:52 pm

'മാഞ്ചസ്റ്റര്‍ സിറ്റിയോ ബാഴ്‌സലോണ എഫ്.സിയോ അല്ല'; ഏത് ക്ലബ്ബില്‍ വിരമിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി പെപ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി തുടര്‍ച്ചയായ മൂന്നാം തവണയും പ്രീമിയര്‍ ലീഗ് നേടിയിരിക്കുകയാണ് സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള. പെപ്പിന്റെ പരിശീലനത്തിന് കീഴില്‍ ടീം മാന്‍ സിറ്റിക്ക് എഫ്.എ കപ്പിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനും സാധിച്ചു.

ഈ സീസണില്‍ രണ്ട് പ്രധാന ടൂര്‍ണമെന്റുകള്‍ കൂടിയാണ് പെപ്പിന് നേടിയെടുക്കാനുള്ളത്. അദ്ദേഹത്തിന്റെ പരിശീലന മികവില്‍ സിറ്റി ചാമ്പ്യന്മാരാകുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി പേരെടുത്ത പെപ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ശേഷം ഏത് ക്ലബ്ബില്‍ പരിശീലിപ്പിക്കുമെന്ന് ഉറ്റുനോക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. ലോകത്തിലെ നമ്പര്‍ കോച്ചിനെ റാഞ്ചിക്കൊണ്ട് പോകാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കരിയറിന്റെ അവസാന ഘട്ടത്തില്‍ വമ്പന്‍ ക്ലബ്ബുകളിലൊന്നില്‍ പരിശീലിപ്പിച്ച് വിരമിക്കാനാകും പെപ് താത്പര്യപ്പെടുക എന്ന ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി കൊണ്ടുള്ള മറുപടിയാണ് വിഷയത്തില്‍ പെപ് നല്‍കിയിരിക്കുന്നത്.

യുവതാരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി അവരെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാക്കി മാറ്റുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും, അതിനായി സ്‌പെയ്‌നിലെ ബാഴ്‌സലോണ അത്‌ലെറ്റിക്കിന്റെ പരിശീലകനായിക്കൊണ്ട് കരിയര്‍ അവസാനിപ്പിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജോര്‍ജ് വെല്‍ദാനോക്ക് നല്‍കിയ അഭിമുഖത്തിലാണ് പെപ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ഞാന്‍ എവിടെ നിന്നാണോ തുടങ്ങിയത് അവിടെ കരിയര്‍ അവസാനിപ്പിക്കും. ബാഴ്‌സലോണ അത്‌ലെറ്റിക്കില്‍ കരിയറിന്റെ അവസാന കാലഘട്ടം ചെലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് ഉത്തമം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പെപ് പറഞ്ഞു.

2008ലാണ് പെപ് ഗ്വാര്‍ഡിയോള ബാഴ്സയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് അദ്ദേഹത്തിന്റെ പരിശീലനത്തില്‍ ബാഴ്സ നേടിയെടുത്തത്. 2012ലാണ് ഗ്വാര്‍ഡിയോള ബാഴ്സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു.

Content Highlights: Pep Guardiola reveals Barcelona Athletic is the club he wants to retire

We use cookies to give you the best possible experience. Learn more