| Sunday, 19th March 2023, 3:02 pm

'നിങ്ങള്‍ കരുതിയത് പോലെ തന്നെയാണ് കാര്യങ്ങള്‍'; ഹാലണ്ടിനെ തിരിച്ച് വിളിച്ച സംഭവത്തില്‍ കോച്ചിന്റെ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാംപാദത്തില്‍ ആര്‍.ബി ലീപ്സിഗിനെതിരെ അഞ്ച് ഗോളാണ് ഹാലണ്ട് തൊടുത്തത്. ആദ്യപകുതിയില്‍ത്തന്നെ ഹാട്രിക് പൂര്‍ത്തിയാക്കിയ ഹാലണ്ടിനെ കളിയുടെ 63ാം മിനിട്ടില്‍ കോച്ച് തിരിച്ച് വിളിക്കുകയായിരുന്നു. വിഷയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോളക്ക് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ അഞ്ച് ഗോളുകള്‍ നേടിയ മുന്‍ ബാഴ്‌സലോണ താരം ലയണല്‍ മെസിയുടെ റെക്കോഡ് സംരക്ഷിക്കാനാണ് പെപ് ഹാലണ്ടിനെ സബ്സ്റ്റിറ്റിയൂട് ചെയ്തതെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം.

രണ്ടാമത്തെ ഹാട്രിക്കിലേക്ക് അടുക്കവേ ഹാലണ്ടിനെ തിരിച്ച് വിളിച്ചതിനെ ചോദ്യം ചെയ്തവരോട് താരത്തിന്റെ പ്രായം മാനിച്ചാണ് താന്‍ അങ്ങനെ ചെയ്തതെന്നും ഈ പ്രായത്തില്‍ തന്നെ വലിയ റെക്കോഡുകള്‍ പേരിലാക്കിയാല്‍ പിന്നീട് കളി മടുത്തുപോകുമെന്നുമാണ് പെപ് വിശദീകരണം നല്‍കിയത്.

തുടര്‍ന്നും വിഷയത്തില്‍ വിമര്‍ശനവുമായി എത്തിയവര്‍ക്ക് കനത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. എല്ലാവരും പറയുന്നതുപോലെ മെസിയുടെ റെക്കോഡ് സംരക്ഷിക്കാന്‍ വേണ്ടി തന്നെയാണ് താനങ്ങനെ ചെയ്തതെന്നും ഹാലണ്ട് മെസിയെക്കാള്‍ ഉയരത്തില്‍ എത്തുന്നത് തനിക്കിഷ്ടമല്ലെന്നും പെപ് പറഞ്ഞു.

‘ഹാലണ്ട് മെസിയുടെ റെക്കോഡ് തകര്‍ക്കുന്നത് എനിക്കിഷ്ടമില്ലാത്തത് കൊണ്ടാണ് ഞാന്‍ ഹാലണ്ടിനെ തിരിച്ചുവിളിച്ചത്.  ഞാന്‍ എപ്പോഴും എന്റെ കളിക്കാരെ ശിക്ഷിക്കാറുണ്ട്, അതാണ് എന്റെ ഉദ്ദേശം,’ പെപ് ഗ്വാര്‍ഡിയോള പറഞ്ഞു.

അതേസമയം, എഫ്.എ കപ്പില്‍ ബേണ്‍ലിക്കെതിരായ മത്സരത്തില്‍ മറ്റൊരു ഹാട്രിക്ക് കൂടി പേരിലാക്കിയിരിക്കുകയാണ് ഹാലണ്ട്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ഇതോടെ എട്ട് ദിവസങ്ങള്‍ക്കിടയില്‍ ഒന്‍പത് ഗോളുകളാണ് ഹാലണ്ട് അടിച്ച് കൂട്ടിയിരിക്കുന്നത്.

ഈ സീസണില്‍ ഇത് ആറാമത്തെ ഹാട്രിക്ക് ആണ് താരം മാഞ്ചസ്റ്റര്‍ സിറ്റി കുപ്പായത്തില്‍ സ്വന്തമാക്കുന്നത്. ഈ സീസണില്‍ മാത്രം 42 ഗോളുകള്‍ നേടിയ ഹാലണ്ടിനെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Pep Guardiola reacts on Erling Haaland’s matter

Latest Stories

We use cookies to give you the best possible experience. Learn more