ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യങ് ബോയ്‌സിനെ തോല്‍പ്പിച്ചു. മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഇരട്ടഗോള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
എന്നാല്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ ഹാലണ്ട് നഷ്ടപ്പെടുത്തി. ഇതിന് ശേഷം ഹാലണ്ടിന്റെ ഈ പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള.
ഹാലണ്ട് പരാജയപ്പെടാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഗാര്‍ഡിയോള പറഞ്ഞത്.
‘മത്സരത്തില്‍ അവസരങ്ങള്‍ ലഭിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ അവന്‍ പരാജയപ്പെടണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നു,’ ഗാര്‍ഡിയോള ടി.എന്‍.ടി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
‘ഹാലണ്ട് തന്റെ ജീവിതകാലം മുഴുവനും ഗോളുകള്‍ നേടും. അവസരങ്ങള്‍ അവന്‍ അവിശ്വസനീയമായി കൈകാര്യം ചെയ്യും. കെവിന്‍ ഡി ബ്രുയ്ന്‍ ഇല്‍കെ ഗുണ്ടോഗന്‍ തുടങ്ങിയവരെപോലെ പാസ് കണ്ടെത്താനുള്ള കഴിവ് കളിക്കാര്‍ക്ക് ആവശ്യമാണ്,’ പെപ് കൂട്ടിചേര്‍ത്തു.
ചാമ്പ്യന്‍സ് ലീഗില്‍ ഇതിന് മുമ്പുള്ള മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടാന്‍ ഹാലണ്ടിന് സാധിച്ചിരുന്നില്ല. അവസാനമായി കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണികിനെതിരെയാണ് താരം അവസാനമായി ഗോള്‍ നേടിയത്. നീണ്ട 543 മിനിറ്റുകള്‍ക്ക് ശേഷമാണ് നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ഗോള്‍ നേടിയത്.
യങ് ബോയ്‌സിനെതിരെ നേടിയ രണ്ട് ഗോളുകളിലൂടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഹാലണ്ട്.
മത്സരത്തില്‍ 67′, 86′ മിനിട്ടുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകള്‍ പിറന്നത്. അറുപത്തിയേഴാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടായിരുന്നു ഹാലണ്ട് ആദ്യ ഗോള്‍ നേടിയത്. എണ്‍പത്തിആറാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ 33 മത്സരങ്ങളില്‍ നിന്നും 37 ഗോളുകള്‍ ഹാലണ്ട് നേടിയിട്ടുണ്ട്.
ജയത്തോടെ ഗ്രൂപ്പ് ജിയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒന്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സിറ്റി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒക്ടോബര്‍ 29ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫൊര്‍ഡിലാണ് മത്സരം നടക്കുക.
Content Highlight: Pep Guardiola react against the fans criticizing Erling Haland.