സമകാലിക ലോകഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ലയണല്‍ മെസി. സ്‌പെയ്‌നിലെ ലാ മാസിയയില്‍ കളി പഠിച്ച താരം മിന്നും വേഗത്തിലാണ് ഫുട്‌ബോളിന്റെ ചരിത്രത്താളുകളിലേക്ക് നടന്ന് കയറിയത്.
ഫുട്‌ബോള്‍ ലോകത്തെ നിലവിലെ മികച്ച യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരമായ എര്‍ലിങ് ഹാലണ്ട്. ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയാ ഡോര്‍ട്മുണ്ടില്‍ നിന്നും സിറ്റിയിലെത്തിയ താരം വന്നയുടന്‍ തന്നെ പ്രീമിയര്‍ ലീഗിലെ പല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.
കരിയറില്‍ മികച്ച റെക്കോഡുകള്‍ സ്വന്തമാക്കി ഇരുതാരങ്ങളുടെയും പ്രശസ്തി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. തന്റെ പ്രിയ ശിഷ്യന്മാരില്‍ ഏറ്റവും മികച്ചത് ആരെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പെപ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെപ് പറഞ്ഞത്.
‘മെസിയെ പോലൊരു കളിക്കാരനെ ഞാനെന്റെ ജീവിതത്തില്‍ മുമ്പ് കണ്ടിട്ടില്ല. അവനെ പോലൊരു താരം ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. അവനെക്കുറിച്ചുള്ള എന്റെ അഭിപ്രായവും അവനോടെനിക്കുള്ള ബഹുമാനവും എക്കാലവും അതുപോലെ നിലനില്‍ക്കും,’ പെപ് പറഞ്ഞു.
പെപ് ഹാലണ്ടിനെ കുറിച്ചും നേരത്തെ ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു. എല്ലായിപ്പോഴും ഉന്മേഷത്തോടെയിരിക്കുന്ന ഫുട്‌ബോളില്‍ അഭിനിവേശമുള്ള താരമാണ് ഹാലണ്ട് എന്നാണ് പെപ് പറഞ്ഞത്.
ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹാലണ്ടിന് കഴിയാതിരുന്നപ്പോള്‍ അദ്ദേഹം സിറ്റിക്ക് പറ്റിയവനല്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹം കളിക്കളത്തില്‍ മികച്ച ഇമ്പാക്ട് ഉണ്ടാക്കിയെന്നും പെപ് കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്ന താരമാണ് എര്‍ലിങ് ഹാലണ്ട്. നിരവധി റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് 52 ഗോളുകളാണ് ഈ സീസണില്‍ താരത്തിന്റെ സമ്പാദ്യം.
അതേസമയം, പി.എസ്.ജിയില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കെ മെസി പി.എസ്.ജിയില്‍ തുടരുമോയെന്നോ മറ്റേതെങ്കിലും ക്ലബ്ബുമായി സൈനിങ് നടത്തുമോയെന്നോ താരം വ്യക്തമാക്കിയിട്ടില്ല.
മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ ഈ സീസണിന്റെ അവസാനം മാത്രമെ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കൂ എന്ന് താരത്തിന്റെ പിതാവ് ജോര്‍ജ് മെസി അറിയിച്ചിരുന്നു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Pep Guardiola praises Lionel Messi