|

പെലെയോടും മറഡോണയോടും കാണിക്കുന്ന അനാദരവ്, പക്ഷേ മെസിയാണ്... തുറന്നുപറഞ്ഞ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ഫുട്‌ബോളിനെ ഏറ്റവും മികച്ച താരമെന്ന് അഭിപ്രായപ്പെട്ട് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. 15 വര്‍ഷം സ്ഥിരതയോടെ പന്ത് തട്ടിയെന്നും അതുല്യനായ താരമാണെന്നും പെപ് അഭിപ്രായപ്പെട്ടു ഇറ്റാലിയന്‍ ടോക് ഷോയായ ചെ ടെംപോ ചെ ഫായ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാന്‍ സിറ്റി ബോസിന്റെ പരാമര്‍ശം.

ഇത് താന്‍ പെലെയോടും മറഡോണയോടും കാണിക്കുന്ന അനാദരവായിരിക്കുമെന്നും പക്ഷേ മെസിയെയാണ് താന്‍ മികച്ച താരമായി തെരഞ്ഞെടുക്കുന്നതെന്നും ഗ്വാര്‍ഡിയോള അഭിമുഖത്തില്‍ പറഞ്ഞു.

പെപ്പിന്റെ വാക്കുകള്‍

‘ഒരുപക്ഷേ ഞാന്‍ പെലെയോടും മറഡോണയോടും കാണിക്കുന്ന അനാദരവായിരിക്കാം. പക്ഷേ അവനാണ് (മെസി) എക്കാലത്തെയും മികച്ച താരം. ഓരോ മൂന്ന് ദിവസവും കഠിനമായി പരിശീലിക്കുന്ന മെസിയെ ഞാന്‍ കണ്ടിട്ടുണ്ട്. അവന്‍ ചെയ്തതെന്തോ. അതെല്ലാം മനോഹരവുമാണ്.

ഓരോ മത്സരത്തിലും അവന്‍ രണ്ട് ഗോള്‍ നേടുകയോ മൂന്ന് അസിസ്റ്റ് നല്‍കുകയോ ചെയ്യും. 15 വര്‍ഷത്തെ സ്ഥിരത… അവനുമായി അടുത്തിടപഴകുമ്പോള്‍ മാത്രമേ അവന്‍ ശരിക്കും എന്താണെന്ന് മനസിലാകൂ.

അവന്‍ അതുല്യനാണ്. അവന്റെ മത്സരങ്ങള്‍ കാണാന്‍ സാധിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. ജീവതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണിത്,’ ഗ്വാര്‍ഡിയോള പറഞ്ഞു.

ഗ്വാര്‍ഡിയോളയും മെസിയും

മെസിയെ ഇന്നുകാണുന്ന ലോകോത്തര താരമായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. ബാഴ്‌സ ബോസായിരിക്കവെ താരത്തിന്റെ വളര്‍ച്ച വളരെ അടുത്ത് നിന്ന് നോക്കിക്കണ്ടവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

പെപ്പിന് കീഴില്‍ മെസി ബാഴ്‌സക്കായി പല കിരീടങ്ങളും സ്വന്തമാക്കി. ബാഴ്‌സയിലെ തന്റെ പ്രിയപ്പെട്ട പരിശീലകരില്‍ ഒരാള്‍ ഗ്വാര്‍ഡിയോളയാണെന്ന് മെസിയും പറഞ്ഞിട്ടുണ്ട്.

പെപ് ഗ്വാര്‍ഡിയോള കറ്റാലന്‍മാരുടെ പടകുടീരത്തിലെത്തുന്നതിനും മുമ്പ് മെസി ടീമിനായി അരങ്ങേറിയിരുന്നെങ്കിലും പെപ്പിന് കീഴിലാണ് മെസി സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നത്. 2008 മുതല്‍ 2012 വരെയാണ് സ്പാനിഷ് മാനേജര്‍ക്ക് കീഴില്‍ മെസി പന്ത് തട്ടിയത്.

ഇക്കാലയളവില്‍ നാല് തവണ മെസി മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി. 2009, 2010, 2011, 2012 വര്‍ഷങ്ങളിലായിരുന്നു മെസിയുടെ പുരസ്‌കാര നേട്ടം. 2012ല്‍ 91 ഗോള്‍ നേടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി.

ഗ്വാര്‍ഡിയോളയുടെ കീഴില്‍ 219 മത്സരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം 211 ഗോളുകളും 94 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

ഗ്വാര്‍ഡിയോളയെ പ്രശംസിച്ച് മെസിയും പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പെപ്പിന്റെ ശൈലി പകര്‍ത്താന്‍ പല പരിശീലകനും ശ്രമിച്ചിട്ടുണ്ടെന്നാണ് അര്‍ജന്റൈന്‍ ലെജന്‍ഡ് പറഞ്ഞത്.

‘ഗ്വാര്‍ഡിയോള ഫുട്ബോളിന് ഒരുപാട് ദോഷം വരുത്തി. ഫുട്ബോള്‍ എന്നത് വളരെ എളുപ്പമാണെന്നാണ് അദ്ദേഹത്തിന്റെ ശൈലി കാണുമ്പോള്‍ തോന്നുക. പിന്നാലെ എല്ലാവരും ഗ്വാര്‍ഡിയോളയുടെ രീതി തന്നെ പിന്തുടരാനും ശ്രമിച്ചു.

കരിയറിന്റെ പല ഘട്ടങ്ങളിലായി ഞാന്‍ ഒരുപാട് ഗ്വാര്‍ഡിയോളമാരെ കണ്ടു. അപ്പോഴാണ് ഞങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്നതിനെ കുറിച്ച് എനിക്ക് മനസിലായത്. ഒരുപക്ഷേ എനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ച പരിശീലകന്‍ അദ്ദേഹമായിരിക്കാം. ഓരോ മത്സരത്തിലും അദ്ദേഹം സ്പെഷ്യലായി എന്തെങ്കിലും കരുതിവെച്ചിരിക്കും,’ മെസി പറഞ്ഞു.

Content Highlight: Pep Guardiola praises Lionel Messi