| Saturday, 1st April 2023, 11:08 pm

ഹാലണ്ട് ഇല്ലാതിരുന്നിട്ടും മത്സരത്തില്‍ ഒരു മാറ്റവുമുണ്ടായില്ല, ബുദ്ധിശാലിയായ താരം ടീമിലുണ്ടായിരുന്നു: പെപ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തകര്‍പ്പന്‍ ജയത്തിന് ശേഷം ജൂലിയന്‍ അല്‍വാരസിനെ വാനോളം പുകഴ്ത്തി കോച്ച് പെപ് ഗ്വാര്‍ഡിയോള.

പരിക്കിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് വിട്ടുനിന്ന സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിന്റെ വിടവ് നികത്താന്‍ അല്‍വാരസിന് സാധിച്ചിരുന്നു. സ്റ്റോണ്‍സും മികച്ച പ്രകടനമായിരുന്നു മത്സരത്തിലുടനീളം കാഴ്ചവെച്ചിരുന്നത്.

ഹാലണ്ടിന്റെ അഭാവം മത്സരത്തില്‍ നിഴലിച്ചിരുന്നില്ലെന്നും ഒത്ത പകരക്കാര്‍ ടീമിലുണ്ടായിരുന്നെന്നും പെപ് പറഞ്ഞു. അല്‍വാരസ് ബുദ്ധിമാനായ കളിക്കാരനാണെന്നും ലോകകപ്പില്‍ അദ്ദേഹം അത് തെളിയിച്ചിട്ടുണ്ടെന്നും പെപ് വ്യക്തമാക്കി.

‘ഒന്നും മാറിയിട്ടില്ല. എര്‍ലിങ് ഹാലണ്ടിനെ നിങ്ങള്‍ക്ക് സ്‌പെഷ്യലായി തോന്നിയിട്ടുണ്ടെങ്കില്‍ ജൂലിയനും അതുപോലെയാണ്. അവന്‍ വളരെ തന്ത്രശാലിയും ബുദ്ധിമാനുമായ കളിക്കാരനാണ്. ലോകകപ്പില്‍ ദേശീയ ടീമിനൊപ്പം കളിച്ച് അതവന്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങളൊരു മികച്ച കളിക്കാരനല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും മികച്ച താരമാകാന്‍ സാധിക്കില്ല,’ പെപ് പറഞ്ഞു.

അതേസമയം, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. ആദ്യം ലീഡെഡുത്ത ലിവര്‍പൂളിനെ നിലംപരിശാക്കിക്കൊണ്ട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു സിറ്റി.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ ജോട്ടയുടെ അസിസ്റ്റില്‍ നിന്ന മുഹമ്മദ് സലാ ആയിരുന്നു ലിവര്‍പൂളിനായി ഗോള്‍ കണ്ടെത്തിയത്. 27ാം മിനിട്ടില്‍ ഗ്രീലിഷിന്റെ അസിസ്റ്റില്‍ നിന്ന് ജൂലിയന്‍ അല്‍വാരസ് സിറ്റിക്ക് സമനില നേടിക്കൊടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മഹ്രസിന്റെ അസിസ്റ്റില്‍ നിന്ന് ഡി ബ്രൂയിന്‍ ഗോള്‍ കണ്ടെത്തിയതോടെ സിറ്റി ലീഡെടുത്തു. തുടര്‍ന്ന് ഗുണ്ടോഗനും ഗോള്‍ തൊടുത്തു. 74ാം മിനിട്ടിലാണ് ഗ്രീലിഷ് ഗോള്‍ കണ്ടെത്തിയത്. ഇതോടെ മത്സരം 4-1 എന്ന നിലയിലാവുകയും സിറ്റി ജയമുറപ്പിക്കുകയും ചെയ്തു.

28 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റോടെ സിറ്റി രണ്ടാം സ്ഥാനത്തും 27 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റോടെ ലിവര്‍പൂള്‍ ആറാം സ്ഥാനത്തുമാണ്.

Content Highlights: Pep Guardiola praises Julian Alvarez after the win against Liverpool

We use cookies to give you the best possible experience. Learn more