| Tuesday, 9th May 2023, 4:01 pm

ചാമ്പ്യന്‍സ് ലീഗിനിറങ്ങുമ്പോള്‍ ഹാലണ്ടിനെയല്ല, പെപ് പുകഴ്ത്തുന്നത് മറ്റൊരു താരത്തെ

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റി താരം ഇല്‍ക്കായ് ഗുണ്ടോവാനെ വാനോളം പ്രശംസിച്ച് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. വളരെ ശാന്ത സ്വഭാവക്കാരനായ ഗുണ്ടോവാന്‍ ടീമിനെ നന്നായി ലീഡ് ചെയ്യാനുള്ള കാര്യപ്രാപ്തിയുണ്ടെന്നാണ് പെപ് പറഞ്ഞത്.

ഗുണ്ടോവാന്‍ മികച്ച മിഡ്ഫീല്‍ഡറാണെന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് അദ്ദേഹമെന്നും പെപ്പ് പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിന് എതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പെപ്പ് ഇക്കാര്യം പറഞ്ഞത്.

‘അവന്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ്. അവന് ടീമിനെ നന്നായി ലീഡ് ചെയ്യാനുള്ള കഴിവുണ്ട്, നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. അവന്‍ വളരെ ശാന്ത സ്വഭാവക്കാരനാണ്. നിങ്ങളെത്ര സംസാരിക്കുന്നു എന്നതിലല്ല സംസാരിക്കുന്നത് ആളുകള്‍ക്ക് ഉപകാരപ്രദമാണോ എന്നതിലാണ് കാര്യം. ഒരു മികച്ച കളിക്കാരനാണെന്ന് ഗുണ്ടോവാന്‍ എന്നതില്‍ ഒരു സംശയവുമില്ല.

ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡറായി കളിക്കുമ്പോള്‍ എങ്ങനെയാണ് ഗോളും അസിസ്റ്റും ഉണ്ടാക്കേണ്ടതെന്ന് അവന് നന്നായിട്ടറിയാം. ആ പൊസിഷനില്‍ നിന്നുകൊണ്ട് ഓരോ ചലനവും ബുദ്ധിപരമായിട്ടെടുക്കാന്‍ അവനറിയാം. അവനൊരു മിഡ്ഫീല്‍ഡറായും കളിക്കാന്‍ അറിയാം,’ പെപ് പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഡ്‌സിനെ തോല്‍പ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലീഡ്‌സിന്റെ ജയം. ഗുണ്ടോവാന്‍ സിറ്റിക്കായി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റോഡ്രിഗോ മൊറേനോ ലീഡ്‌സിനായി ആശ്വാസ ഗോള്‍ നേടി.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്കായി മികച്ച ഫോമില്‍ തുടരുകയാണ് നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട്. ഈ സീസണില്‍ 35 പ്രീമിയര്‍ ലീഗ് ഗോളുകളും 12 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഈ സീസണില്‍ ഹാലണ്ടിന്റെ സമ്പാദ്യം.

പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 26 ജയവും 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. മെയ് 10ന് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സെമി ഫൈനലിലെ ഒന്നാം പാദ മത്സരം സാന്തിയാഗോ ബെര്‍ണബ്യൂവിലാണ് നടക്കുക.

Content Highlights: Pep Guardiola praises Ilkay Gundokan

We use cookies to give you the best possible experience. Learn more