ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ പുതിയ സീസണിന് തുടക്കം കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പെപ്പ് ഗ്വാര്‍ഡിയോളയും സംഘവും പരാജയപ്പെടുത്തിയത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിന്റെ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള നൂറാമത്തെ മത്സരമായിരുന്നു ഇത്. തന്റെ സെഞ്ച്വറി മത്സരത്തില്‍ തന്നെ ഹാലണ്ട് ടീമിനായി ഗോള്‍ നേടിയിരുന്നു. തന്റെ നൂറാം മത്സരം പിന്നിടുമ്പോള്‍ 91 ഗോളുകളുമായാണ് നോര്‍വിജിയന്‍ സൂപ്പര്‍താരം തിളങ്ങിനില്‍ക്കുന്നത്.
മത്സരശേഷം ഹാലണ്ടിന്റെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സിറ്റി പരിശീലകന്‍ ഗ്വാര്‍ഡിയോള സംസാരിച്ചു. ഹാലണ്ട് ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലയണല്‍ മെസിയെയും പോലെ ആണെന്നാണ് സിറ്റി പരിശീലകന്‍ പറഞ്ഞത്.
‘ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ കാലഘട്ടത്തില്‍ 100 മത്സരങ്ങളില്‍ നിന്നും 91 ഗോളുകള്‍ ഹാലണ്ട് നേടിയത് എന്തൊരു നേട്ടമാണ്. ഇത് മെസിയെയും റൊണാള്‍ഡോയെയും പോലെയാണ്,’ ബി.ബി.സി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് നിസാര്‍ കിന്‍സെല്ല ഗ്വാര്‍ഡിയോള പറഞ്ഞതായി ട്വീറ്റ് ചെയ്തു.
2022ല്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നുമാണ് നോര്‍വിജിയന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലെത്തുന്നത്. ഇതിനോടകം തന്നെ ഗ്വാര്‍ഡിയോളയുടെ കീഴില്‍ സിറ്റിയുടെ മുന്നേറ്റ നിരയിലും ഗോളടിച്ചു കൂട്ടി മിന്നും ഫോമിലാണ് ഹാലണ്ട്.
താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളില്‍ ആവര്‍ത്തിക്കും എന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ തുടര്‍ച്ചയായ അഞ്ചാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമായിരിക്കും മാഞ്ചസ്റ്റര്‍ സിറ്റി ലക്ഷ്യമിടുക.
ഓഗസ്റ്റ് 24ന് ഇപ്‌സ്വിച്ച് ടൗണിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Pep Guardiola Praises Erling Haland