| Friday, 26th May 2023, 11:43 am

ഗോളടി യന്ത്രം ഹാലണ്ടിനെയല്ല; പെപ് സിറ്റിയില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത് മറ്റൊരു താരത്തെ

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടി യന്ത്രം എന്നറിയപ്പെടുന്ന താരമാണ് നോര്‍വീജന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട്. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ക്ലബ്ബിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഹാലണ്ടാണ്. എന്നാല്‍ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള വരുന്ന സീസണില്‍ കൂടുതല്‍ പ്രതീക്ഷ ചെലുത്തുന്ന താരം ജൂലിയന്‍ അല്‍വാരസാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സിറ്റിയിലെത്തിയതിന് ശേഷം കുറഞ്ഞ അവസരങ്ങള്‍ മാത്രമെ താരത്തിന് ലഭിച്ചിട്ടുള്ളൂവെങ്കിലും കിട്ടിയ ചാന്‍സുകള്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ അര്‍ജന്റൈന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹാലണ്ടിന്റെ അഭാവത്തില്‍ കളത്തിലിറങ്ങാറുള്ള അല്‍വാരസിന് ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ സ്‌കോര്‍ ചെയ്യാനും സാധിച്ചിരുന്നു.

ഈ സീസണിലാണ് അല്‍വാരസ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. തുടക്കത്തില്‍ ഹാലണ്ടിനെയും അല്‍വാരസിനെയും ഒരേസമയം ഉപയോഗപ്പെടുത്താന്‍ പെപ് പാടുപ്പെട്ടിരുന്നെങ്കിലും ക്രമേണ പെപ്പിന്റെ പ്രിയ ശിഷ്യനായ ലയണല്‍ മെസിയുടെ പിന്‍ഗാമിക്ക് സിറ്റിയുടെ പ്രധാന മുഖമായി മാറാന്‍ സാധിച്ചു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫിലിപ്പ് കെസ്‌ലെറിന്റെ റിപ്പോര്‍ട്ട് പ്രകാരം വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ അല്‍വാരസിനെ സൈന്‍ ചെയ്യിക്കാന്‍ ബയേണ്‍ മ്യൂണിക്ക് ഉള്‍പ്പെടെ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ട്. എന്നാല്‍ താരത്തെ വിട്ടുനല്‍കാന്‍ പെപ് തയ്യാറല്ലെന്നും താരത്തെ മുന്‍ നിര്‍ത്തി വരുന്ന സീസണിലേക്കുള്ള തന്ത്രം മെനയുകയാണ് പരിശീലകനെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അല്‍വാരസ് റിവര്‍പ്ലേറ്റില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത ഒരേയൊരു താരം അല്‍വാരസാണ്.

ഖത്തര്‍ ലോകപ്പില്‍ അര്‍ജന്റീനക്കായി മെസിക്ക് പിന്നാലെ കൂടുതല്‍ ഗോള്‍ നേടി ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ താരമാണ് അല്‍വാരസ്. അര്‍ജന്റീനയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. തന്റെ ആദ്യ വേള്‍ഡ് കപ്പില്‍ തന്നെ നാല് ഗോളുകള്‍ പേരിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മധ്യനിരയിലും ഡിഫന്‍ഡിങ്ങിലും സഹായിക്കാന്‍ പലപ്പോഴും അല്‍വാരസിന് സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ലൗട്ടാരോ മങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അഭാവം അറിയിക്കാതെ അര്‍ജന്റീനയെ മുന്നോട്ടുകൊണ്ടുപോയത് ജൂലിയന്‍ അല്‍വാരസായിരുന്നു. അര്‍ജന്റീനക്ക് ഇനിയും ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താന്‍ കഴിയുന്ന താരമാണ് അല്‍വാരസ്. ഈ സീസണില്‍ 18 ഗോളും നാല് അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

Content Highlights: Pep Guardiola praises Julian Alvarez

Latest Stories

We use cookies to give you the best possible experience. Learn more