| Saturday, 13th May 2023, 8:12 am

മെസിയും ഹാലണ്ടുമല്ല; കരിയറില്‍ തന്നെ അത്ഭുതപ്പെടുത്തിയ സ്‌ട്രൈക്കറുടെ പേര് പറഞ്ഞ് പെപ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്‌ട്രൈക്കറുടെ പേര് പറഞ്ഞ് സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള. പെപ് നേരത്തെ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫുട്‌ബോളില്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ച സ്‌ട്രൈക്കര്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. റോണോയുടെ ഗോള്‍ നേടുന്നതിലുള്ള കഴിവിനെ കുറിച്ച് സംസാരിച്ച പെപ് താരം 75 വയസിലും ഗോള്‍ നേടുന്നതില്‍ മുന്നിലുണ്ടാകുമെന്ന് പറഞ്ഞു.

‘എനിക്ക് തോന്നുന്നു ജീവിതത്തിലുടനീളം അവന്‍ ഗോളുകള്‍ നേടുമെന്ന്. അവനിനി 75 വയസിലാണ് വിരമിക്കുന്നതെങ്കില്‍ പോലും മത്സരിച്ച് ഗോളുകള്‍ വാരിക്കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് അവന്‍ ചെയ്തത് അതാണ്. ചെന്നുകയറുന്ന ക്ലബ്ബുകളിലെല്ലാം ഗോളുകള്‍ വാരിക്കൂട്ടി ടീമിനെ വിജയിക്കാന്‍ സഹായിച്ചു,’ പെപ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയതെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.

എന്നാല്‍, സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.

ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.

സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മെയ് 17ന് എട്ടിന് അല്‍ തഅ്ഈക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Pep Guardiola praises Cristiano Ronaldo

We use cookies to give you the best possible experience. Learn more