| Thursday, 22nd June 2023, 12:00 pm

മെസിയല്ല; കരിയറില്‍ തന്നെ ആകര്‍ഷിച്ച താരത്തിന്റെ പേര് പറഞ്ഞ് പെപ് ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച സ്ട്രൈക്കറുടെ പേര് പറഞ്ഞ് സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഫുട്ബോളില്‍ തന്നെ അത്ഭുതപ്പെടുത്തിയ സ്ട്രൈക്കര്‍ എന്നാണ് അദ്ദേഹം പറഞ്ഞത്.

റോണോയുടെ ഗോള്‍ നേടുന്നതിലുള്ള കഴിവിനെ കുറിച്ച് സംസാരിച്ച പെപ് താരം തന്റെ 75ാം വയസിലും ഗോള്‍ നേടുന്നതില്‍ മുന്നിലുണ്ടാകുമെന്ന് പറഞ്ഞു. നേരത്തെ സ്‌കൈ സ്പോര്‍ട്സിനോട് ഗ്വാര്‍ഡിയോള പങ്കുവെച്ച കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

‘എനിക്ക് തോന്നുന്നു ജീവിതത്തിലുടനീളം അവന്‍ ഗോളുകള്‍ നേടുമെന്ന്. അവനിനി 75 വയസിലാണ് വിരമിക്കുന്നതെങ്കില്‍ പോലും മത്സരിച്ച് ഗോളുകള്‍ വാരിക്കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് അവന്‍ ചെയ്തത് അതാണ്. ചെന്നുകയറുന്ന ക്ലബ്ബുകളിലെല്ലാം ഗോളുകള്‍ വാരിക്കൂട്ടി ടീമിനെ വിജയിക്കാന്‍ സഹായിച്ചു,’ പെപ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.

അതേസമയം, യൂറോ 2024 യോഗ്യതാ മത്സരത്തില്‍ ബുധനാഴ്ച ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.

അന്താരാഷ്ട്ര കരിയറില്‍ താരത്തിന്റെ 200ാമത് മത്സരമാണ് ഐസ്ലന്‍ഡിനെതിരെ നടന്നതെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന പുരുഷ താരത്തിനുള്ള ഗിന്നസ് റെക്കോഡാണ് റോണോ സ്വന്തമാക്കിയിരിക്കുന്നത്.

ആധുനിക ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് താരം. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും പരിശീലകനും തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നത്രയും കാലം താന്‍ നാഷണല്‍ ജേഴ്‌സിയില്‍ തുടരുമെന്നാണ് ഗിന്നസ് നേട്ടത്തിന് ശേഷം റോണോ പറഞ്ഞത്. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Pep Guardiola praises Cristiano Ronaldo

We use cookies to give you the best possible experience. Learn more