ഹാലണ്ടല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച ഫോർവേഡ് അവനാണ്: പെപ് ഗ്വാർഡിയോള
Football
ഹാലണ്ടല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച ഫോർവേഡ് അവനാണ്: പെപ് ഗ്വാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 10:58 am

ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇപ്സ്വിച്ച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയിരുന്നു. സീസണിലെ പെപ് ഗ്വാര്‍ഡിയോളയുടെയും കൂട്ടരുടെയും തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നു ഇത്.

മത്സരത്തില്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട് ഹാട്രിക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ ചെല്‍സിക്കെതിരെയുള്ള തന്റെ ഗോളടിമികവ് രണ്ടാം മത്സരത്തിലും തുടരുകയായിരുന്നു ഹാലണ്ട്.

മത്സരശേഷം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള ഫുട്‌ബോളില്‍ താൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സെന്റര്‍ ഫോര്‍വേര്‍ഡ് ആരാണെന്ന് പറഞ്ഞിരുന്നു. തന്റെ കരിയറില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമ്പൂര്‍ണമായ മുന്നേറ്റനിര താരം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണെന്നാണ് പെപ് പറഞ്ഞത്.

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സമ്പൂര്‍ണനായ സെന്റര്‍ ഫോര്‍വേര്‍ഡ് ഏര്‍ലിങ് ഹാലണ്ടാണോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍.

‘ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പൂര്‍ണനായ സെന്റര്‍ ഫോര്‍വേഡ് ലയണല്‍ മെസിയാണ്,’ പെപ് ഗ്വാര്‍ഡിയോള ബെയ്എന്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

2008 മുതല്‍ 2012 വരെ നാലുവര്‍ഷത്തോളം സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ പരിശീലകനായി പ്രവര്‍ത്തിച്ച സമയങ്ങളിലായിരുന്നു പെപ് മെസിയെ പരിശീലിപ്പിച്ചത്. പെപിന്റെ കീഴില്‍ മികച്ച പ്രകടനമായിരുന്നു മെസി നടത്തിയത്.

ഗ്വാര്‍ഡിയോളയുടെ നേതൃത്വത്തില്‍ സ്പാനിഷ് വമ്പന്‍മാര്‍ ഒരുപിടി കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് വീതം ലാ ലിഗ, സൂപ്പര്‍കോപ്പ ഡി എസ്പാനാസ്, രണ്ട് വീതം യുവേഫ ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍റേ, ക്ലബ്ബ് ലോകകപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ബാഴ്‌സ നേടിയത്.

അതേസമയം ഹാലണ്ടും ഗ്വാര്‍ഡിയോളയുടെ കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. 2022ല്‍ ജര്‍മന്‍ വമ്പന്മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ താരം ഇതിനോടകം തന്നെ ഗോളുകള്‍ അടിച്ചുകൂട്ടി ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം രണ്ട് ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ് എന്നീ കിരീടനേട്ടത്തില്‍ നോര്‍വിജിയന്‍ സൂപ്പര്‍താരം പങ്കാളിയായിട്ടുണ്ട്.

ഈ സീസണില്‍ ഇതിനോടകം തന്നെ രണ്ട് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളാണ് ഹാലണ്ട് നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരും മത്സരങ്ങളില്‍ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

നിലവില്‍ ഇ.പി.എല്ലില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഓഗസ്റ്റ് 31ന് വെസ്റ്റ് ഹാമിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. വെസ്റ്റ് ഹാമിന്റെ തട്ടകമായ ലണ്ടന്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Pep Guardiola Pick The Best Forward in Football