മൈതാന മധ്യത്തിലെ രാഷ്ട്രീയ നിലപാട്; ശിക്ഷ അംഗീകരിക്കുന്നതായി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഗാര്‍ഡിയോള
English Premier League
മൈതാന മധ്യത്തിലെ രാഷ്ട്രീയ നിലപാട്; ശിക്ഷ അംഗീകരിക്കുന്നതായി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഗാര്‍ഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th March 2018, 5:03 pm

കാറ്റലോണിയന്‍ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണച്ച് ഗ്രൗണ്ടില്‍ മഞ്ഞ റിബണ്‍ അണിഞ്ഞതിന് ഫുട്‌ബോള്‍ അസോസിയേഷന്‍ ശിക്ഷിച്ച നടപടി അംഗീകരിക്കുന്നതായി മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പെ ഗ്വാര്‍ഡിയോള. ഗാര്‍ഡിയോളയുടെ നടപടി മാപ്പപേക്ഷയായിട്ടല്ല മറിച്ച് ഇംഗ്ലണ്ടിലെ നിയമങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌പെയിനില്‍ നിന്ന് മോചനം വേണമെന്നാവശ്യപ്പെട്ടുള്ള സ്വതന്ത്ര കാറ്റലോണിയന്‍ മൂവ്‌മെന്റിനെ പിന്തുണച്ചും കാറ്റലന്‍ ആക്ടിവിസ്റ്റുകളായ ജോര്‍ഡി ക്യുക്‌സാര്‍ട്ട്, ജോര്‍ഡി സാഞ്ചസ് എന്നിവരെ ജയിലിലാക്കിയെതിനെതിരെ പ്രതിഷേധിച്ചുമാണ് ഗാര്‍ഡിയോള തന്റെ ജാക്കറ്റിന് മുകളില്‍ മഞ്ഞ റിബണ്‍ അണിഞ്ഞിരുന്നത്.

പിഴശിക്ഷയായിരിക്കും ഗാര്‍ഡിയോളയ്ക്ക് നേരിടേണ്ടി വരിക. റിബണുമായി ബന്ധപ്പെട്ട് ഡിസംബറില്‍ രണ്ടു തവണ ഗാര്‍ഡിയോളയ്ക്ക് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രൗണ്ടിന് പുറത്ത് റിബണ്‍ അണിയുന്നതിനെ ഫുട്‌ബോള്‍ അസോസിയേഷന്‍ എതിര്‍ത്തിട്ടില്ല.

ക്ലബ്ബിനെ ബാധിക്കുകയാണെങ്കില്‍ റിബണ്‍ അണിയില്ലെന്ന് ഗാര്‍ഡിയോള നേരത്തെ വ്യക്തമാക്കിയിരുന്നു.

ബാഴ്‌സലോണ മുന്‍ മാനേജറായിരുന്ന ഗാര്‍ഡിയോള കാറ്റലോണിയന്‍ നഗരമായ സാന്റ്‌പെഡോറിലാണ് ജനിച്ചത്.