പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണോടേറ്റുവാങ്ങേണ്ടി വന്ന ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന് തന്റെ കരിയറിലെ ഏറ്റവും മോശം റെക്കോഡ്. തന്റെ മാനേജറിയല്‍ കരിയറില്‍ ഇതാദ്യമായാണ് പെപ് പരിശീലിപ്പിക്കുന്ന ഒരു ടീം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
കാരബാവോ കപ്പിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനോട് പരാജയപ്പെട്ടതോടെയാണ് ഈ മോശം റെക്കോഡിലേക്കുള്ള പെപ്പിന്റെ യാത്ര ആരംഭിച്ചത്.
ശേഷം വൈറ്റിലിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബോണ്‍മൗത്തിനോട് തോല്‍ക്കാനിയിരുന്നു സിറ്റിയുടെ വിധി. 2-1ന് തന്നെയാണ് ഈ മത്സരത്തിലും സിറ്റി പരാജയപ്പെട്ടത്. സ്പര്‍സിനെതിരായ മത്സരത്തിലെന്ന പോലെ എതിരാളികള്‍ രണ്ട് ഗോള്‍ നേടിയതിന് ശേഷമായിരുന്നു സിറ്റിയുടെ ആശ്വാസ ഗോള്‍ പിറന്നത്.
ഈ കൂട്ടത്തിലെ ഏറ്റവും മോശം തോല്‍വി ചാമ്പ്യന്‍സ് ലീഗില്‍ നിന്നാണ് സിറ്റിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. സ്‌പോര്‍ട്ടിങ് ലിസ്ബണിനെതിരെ എസ്റ്റാഡിയോ ഹോസെ അല്‍വാല്‍ദെയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി പരാജയപ്പെട്ടത്. ഇത്തവണ ആദ്യ ഗോള്‍ സ്വന്തമാക്കിയതിന് ശേഷമായിരുന്നു നാല് ഗോളും ടീം വഴങ്ങിയത്.
പ്രീമിയര്‍ ലീഗില്‍ സീഗള്‍സിനോടും ഒന്നിനെതിരെ രണ്ട് ഗോള്‍ എന്ന മാര്‍ജിനിലാണ് സിറ്റി പരാജയപ്പെട്ടത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഗോള്‍ കണ്ടെത്തിയതിന് ശേഷമായിരുന്നു സിറ്റിസണ്‍സ് രണ്ട് ഗോള്‍ തിരികെ വാങ്ങിയത്.
ഈ തോല്‍വിക്ക് പിന്നാലെ ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം അഞ്ചായി ഉയര്‍ന്നു. 11 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും ഒരു സമനിലയുമായി 28 പോയിന്റാണ് ഒന്നാമതുള്ള ലിവര്‍പൂളിനുള്ളത്. 11 മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് വീതം തോല്‍വിയും സമനിലയുമായി 23 പോയിന്റാണ് സിറ്റിക്കുള്ളത്.
ചാമ്പ്യന്‍സ് ലീഗില്‍ നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി പത്താമതാണ് സിറ്റി.
Content Highlight: Pep Guardiola loses 4 games in a row for the first time in his career