| Wednesday, 14th June 2023, 11:58 pm

ബോണസ് തുക സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ക്ലബ്ബിലെ മറ്റ് സ്റ്റാഫുകള്‍ക്കും നല്‍കി പെപ് ഗ്വാര്‍ഡിയോള; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നുള്ള വരുമാനത്തിന് പുറമെ ലഭിച്ച ബോണസുകള്‍ ക്ലബ്ബിലെ സ്റ്റാഫ് അംഗങ്ങള്‍ക്ക് വീതം വെച്ച് നല്‍കി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള.

പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നീ കീരിട നേട്ടത്തോടെ സിറ്റിക്ക് കഴിഞ്ഞ സീസണ്‍ ചാകരയായിരുന്നു. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ക്ലബ്ബിലെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് ഗ്വാര്‍ഡിയോള വിശ്വസിക്കുന്നതായും കൃത്യമായ കണക്കില്ലെങ്കിലും ആറക്ക സംഖ്യയുടെ തുക(യൂറോ) ഇവര്‍ക്കിടയില്‍ വീതിച്ചതായുമാണ് ഡയലി മെയിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 750,000 യൂറോ വരെ ബോണസ് ഇനത്തില്‍ പെപ് വാങ്ങിയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെക്യൂരിറ്റി ഗാര്‍ഡുകള്‍, റിസപ്ഷനിസ്റ്റ് സ്റ്റാഫുകള്‍ എന്നിവര്‍ക്കിടയിലാണ് ബോണസ് വീതിച്ചത്.

അതേസമയം, 2025 വരെയാണ് പെപ്പിന് സിറ്റിയുമായി കരാറുള്ളത്. കരാര്‍ അവസാനിച്ചതിന് ശേഷവും ഗ്വാര്‍ഡിയോളയോട് ക്ലബ്ബില്‍ തുടരണമെന്ന് സിറ്റി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് നിരസിച്ചുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ സിറ്റിയില്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പെപ് ഇത്തിഹാദിനോട് വിടപറയും.

2008ല്‍ ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ പെപ്പിന് കീഴില്‍ മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി റെക്കോഡുകളാണ് ബാഴ്സ നേടിയെടുത്തത്.

2012ലാണ് ഗ്വാര്‍ഡിയോള ബാഴ്സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ചാമ്പ്യന്‍സ് ലീഗിന് പുറമെ അഞ്ച് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും രണ്ട് എഫ്.എ കപ്പ്, നാല് ലീഗ് കപ്പ് എന്നിവയും നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

Content Highlight:  Pep Guardiola has given bonuses to security guards and other staff at the club from the season

We use cookies to give you the best possible experience. Learn more