Cricket
അവൻ മെസിയെയും റൊണാൾഡോയെയും പോലെയാണ്; സിറ്റി ബോസ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Feb 14, 11:54 am
Wednesday, 14th February 2024, 5:24 pm

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ടിനക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. ഹാലണ്ടിനെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയുമായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായും താരതമ്യം ചെയ്യുകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസിലൂടെ പ്രതികരിക്കുകയായിരുന്നു ഗ്വാര്‍ഡിയോള.

‘ഹാലണ്ടിന്റെ പ്രായത്തില്‍ അവന്‍ നേടിയ ഗോളുകളുടെ എണ്ണം നിങ്ങള്‍ നോക്കു. മെസിയോ റൊണാള്‍ഡോയോ പോലും ഹാലണ്ടിന്റെ ഈ പ്രായത്തില്‍ ഇത്രയധികം ഗോളുകള്‍ നേടിയിട്ടില്ല. ഈ കണക്കുകള്‍ അവിശ്വസനീയമാണ്. ഇത് സംഭവിച്ചത് എന്തുകൊണ്ടെന്നാല്‍ അവന്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിലും സാള്‍സ് ബര്‍ഗിലും എല്ലാം ഗോളുകള്‍ നേടിയത് കൊണ്ടാണ്. അവന്‍ എല്ലായിടത്തും ഗോളുകൾ നേടുന്നു.

ഒരു ഫുട്‌ബോള്‍ താരം എന്ന നിലയില്‍ ഒരു പ്രത്യേക മാനസികാവസ്ഥയും കഴിവുകളും ഉണ്ടാക്കിയെടുക്കാന്‍ അവന് സാധിക്കും. അവനെ ഞങ്ങളുടെ ടീമില്‍ ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. അവന്റെ തിരിച്ചുവരവ് ഞങ്ങള്‍ക്ക് വളരെയധികം പ്രചോദനമാണ് നല്‍കുന്നത്,’ ഗ്വാര്‍ഡിയോള പറഞ്ഞു.

പരിക്ക് കാരണം നോര്‍വീജിയന്‍ സൂപ്പര്‍താരത്തിന് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ 12 മത്സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ താരം എവര്‍ട്ടണിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി മികച്ച തിരിച്ചുവരവാണ് നടത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 78 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ഹാലണ്ട് 73 ഗോളുകളാണ് നേടിയത്.

അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 35 മത്സരങ്ങളില്‍ നിന്നും 40 ഗോളുകളാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ നേടിയത്. മെസി ചാമ്പ്യന്‍സ് ലീഗില്‍ 129 ഗോളുകള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ 140 ഗോളുകളും സ്വന്തം പേരിലാക്കി മാറ്റി.

നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 23 മത്സരങ്ങളില്‍ നിന്നും 16 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും അടക്കം 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി.

Content Highlight: Pep Guardiola comparing Erling Haland by Lionel Messi and Cristiano Ronaldo