അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ 35ാം വയസിലും മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഫുട്‌ബോളില്‍ മെസിക്കൊപ്പം എത്തിനില്‍ക്കുമെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്ന താരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം ഏര്‍ലിങ് ഹാലണ്ട്.
കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം ഇരുവരും ചെലവഴിച്ചത് സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴിലാണെന്ന പ്രത്യേകത കൂടിയുണ്ട്. പെപ് ബാഴ്‌സലോണയിലായിരുന്ന കാലയളവിനുള്ളില്‍ മെസിക്ക് അദ്ദേഹത്തിന്റെ പ്രിയ കളിക്കാരനായി മാറാന്‍ സാധിച്ചിരുന്നു. പെപ്പിനോടുള്ള തന്റെ ആദരവിനെ കുറിച്ച് മെസിയും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.
നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഗ്വാര്‍ഡിയോളക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹാലണ്ട് പുറത്തെടുക്കുന്നത്. ഇരുവരെയും താരതമ്യം ചെയ്ത് പെപ് സംസാരിച്ചത് ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. ഹാലണ്ട് എല്ലായിപ്പോഴും ഹാപ്പിയായിരിക്കുന്ന എനര്‍ജി പാക്ക് ആണെന്നും മെസിക്ക് രണ്ട് ഗോള്‍ നേടി കഴിഞ്ഞാല്‍ മൂന്നാമത് ഗോള്‍ നേടാന്‍ ചെറിയ മടി അനുഭവപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
‘ഹാലണ്ട് എപ്പോഴും ഹാപ്പിയാണ്. ഏത് നേരവും ചിരിച്ച് കൊണ്ടാണ് നടക്കുക. മെസിയാണെങ്കില്‍ രണ്ട് ഗോള്‍ നേടിയ ശേഷം മൂന്നാമത്തെ ഗോള്‍ നേടില്ല. അദ്ദേഹം ചെറിയ മടി കാണിക്കുന്നത് ഒരു വിഷമമാണ്. ഹാലണ്ടിന് കളിക്കളത്തില്‍ എപ്പോഴും നല്ല മൂഡായിരിക്കും.
ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹാലണ്ടിന് കഴിയാതിരുന്നപ്പോള്‍ അദ്ദേഹം സിറ്റിക്ക് പറ്റിയവനല്ലെന്ന് ആളുകള്‍ പറഞ്ഞു. പക്ഷെ ആളുകളെ അദ്ദേഹം കളിക്കളത്തില്‍ മികച്ച ഇമ്പാക്ട് ഉണ്ടാക്കി,’ പെപ്പ് പറഞ്ഞു.
ഈ സീസണില്‍ 15 ലീഗ് വണ്‍ ഗോളുകളും നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മെസി പി.എസ്.ജിക്കായി നേടിയിരിക്കുന്നത്. അതേസമയം, 35 പ്രീമിയര്‍ ലീഗ് ഗോളുകളും 12 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുമാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഈ സീസണില്‍ ഹാലണ്ടിന്റെ സമ്പാദ്യം.
അതേസമയം, പി.എസ്.ജിയിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനൊടുവില്‍ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ്ബ് വിടാനൊരുങ്ങുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ മെസി ക്ലബ്ബിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയായിരുന്നു.
കരാര്‍ അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെ പി.എസ്.ജി മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും താരം തയ്യാറായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബാഴ്സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് മെസിക്ക് മുന്നില്‍ അല്‍ ഹിലാല്‍ വെച്ചിരിക്കുന്നത്.
എന്നിരുന്നാലും മെസി യൂറോപ്പ് വിടില്ലെന്നും ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്നുമാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.
Content Highlights: Pep Guardiola compares Lionel Messi and Erling Haaland