എന്തിനാ മെസി? 'മെസിയെപ്പോലെ' കളിക്കുന്ന 22കാരൻ ടീമിലുണ്ടല്ലോ; പെപ്പ് ഗ്വാർഡിയോള
Fooball news
എന്തിനാ മെസി? 'മെസിയെപ്പോലെ' കളിക്കുന്ന 22കാരൻ ടീമിലുണ്ടല്ലോ; പെപ്പ് ഗ്വാർഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd February 2023, 9:08 am

വ്യാഴാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിലെ പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദത്തിൽ ഇംഗ്ലീഷ് ഫുട്ബോളിലെ നിലവിലെ ടോപ്പ് ഡിവിഷൻ ലീഗ് ജേതാക്കളും ലോകത്തിലെ തന്നെ മികച്ച ക്ലബ്ബുകളിലൊന്നുമായ മാഞ്ചസ്റ്റർ സിറ്റി ജർമൻ ക്ലബ്ബായ ആർ.ബി ലെയ്പ്സിഗിനോട് സമനില വഴങ്ങിയിരുന്നു.

കളിയുടെ 27 മിനിട്ട് പിന്നിട്ടപ്പോൾ റിയാദ് മഹ്റസ് നേടിയ ഗോളിൽ മുന്നിലെത്തിയ സിറ്റിയോട് ജോസ്കോ ഗ്വാർഡിയോളിന്റെ എഴുപതാം മിനിട്ടിലെ ഗോളിലൂടെ ആർ.ബി. ലെയ്പ്സിഗ് സമനില പിടിക്കുകയായിരുന്നു.

മത്സരത്തിൽ ഗോൾ പൊസഷനിലടക്കം ആധിപത്യം പുലർത്തിയിട്ടും വെറും മൂന്ന് ഷോട്ട് ഓൺ ടാർഗറ്റ് മാത്രമേ ലെയ്പ്സിഗിന്റെ ഗോൾ വലയിലേക്കെത്തിക്കാൻ സിറ്റിക്കായുള്ളൂ.

എന്നാലിപ്പോൾ തന്റെ ടീമിൽ മെസിയില്ലെങ്കിലും മെസിയെപ്പോലെ കളിക്കുന്ന യുവതാരമുണ്ടെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സിറ്റിയുടെ പരിശീലകനായ പെപ്പ് ഗ്വാർഡിയോള.

ഫിൽ ഫോഡനെയാണ് മെസിയുടെ പൊസിഷനിൽ മെസിയെപ്പോലെ കളിക്കാൻ സാധിക്കുന്ന താരമായി പെപ്പ് ഉയർത്തിക്കാണിക്കുന്നത്.
സിറ്റിയുടെ മധ്യനിരയെ അടക്കിവാഴുന്ന ബെൽജിയൻ താരം കെവിൻ ഡി ബ്രൂയ്ൻ ശാരീരികമായ പ്രശ്നങ്ങൾ മുഖേന സിറ്റിക്കായി കളിക്കാനിറങ്ങാഞ്ഞപ്പോൾ ഫിൽ ഫോഡനായിരുന്നു സിറ്റിയുടെ മധ്യ നിരയെ വാണത്.

ഫുട്ബോൾ 365ന് നൽകിയ അഭിമുഖത്തിലാണ് ഫോഡനെപറ്റി തന്റെ അഭിപ്രായം പെപ്പ് തുറന്ന് പറഞ്ഞത്.
“ഫോഡൻ മികവോടെ കളിക്കുന്ന താരമാണ്. ഇപ്പോഴും ചെറുപ്പമായഅവൻ നല്ല പക്വതയോടെയാണ് മധ്യ നിരയിൽ കളി മെനയുന്നത്. വളരെ മികച്ച സ്കില്ലോടെ മധ്യ നിര അടക്കി വാഴാൻ ഫോഡന് കഴിവുണ്ട്,’ പെപ്പ് ഗ്വാർഡിയോള പറഞ്ഞു.

“നോട്ടിങ്ഹാമിനെതിരെയുള്ള കളി കണ്ടാൽ മനസിലാകും പന്ത് എടുക്കുന്നതിലും ഷൂട്ട് ചെയ്യുന്നതിലുമൊക്കെ അദ്ദേഹത്തിന് ഒരു മെസി ടച്ച്‌ ഉണ്ട്. മെസിയെപ്പോലെയും കെവിനെപ്പോലെയുമൊക്കെ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുന്നുണ്ട്,’ ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

കൂടാതെ നാലോ, അഞ്ചോ പൊസിഷനുകളിലോ റോളുകളിലോ കളിപ്പിക്കാൻ പറ്റിയ താരമാണ് ഫോഡനെന്നും പെപ്പ് പറഞ്ഞു.


അതേസമയം ചാമ്പ്യൻസ് ലീഗിൽ സമനില വഴങ്ങേണ്ടി വന്ന സിറ്റിക്ക് ഇത്തവണ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നവും ഒട്ടും എളുപ്പം നേടാൻ സാധിക്കില്ല എന്ന അവസ്ഥയാണുള്ളത്.

നിലവിൽ 24 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളോടെ 52 പോയിന്റുമായി ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റിയിപ്പോൾ. ഫെബ്രുവരി 25ന് ബേർൺമൗത്തിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:Pep Guardiola believes Phil Foden has the ability to play in the ‘Lionel Messi role’