ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, ഇനി സാധിക്കില്ല; പുതിയ സീസണിന് മുമ്പ് തുറന്നടിച്ച് ഗ്വാര്‍ഡിയോള
Sports News
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നത്, ഇനി സാധിക്കില്ല; പുതിയ സീസണിന് മുമ്പ് തുറന്നടിച്ച് ഗ്വാര്‍ഡിയോള
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th August 2023, 3:49 pm

പുതിയ സീസണില്‍ ട്രെബിള്‍ നേടാന്‍ സാധ്യതയില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് (2023-24) മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സീസണില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ട്രെബിള്‍ നേടിക്കൊടുത്തത്. പ്രീമിയര്‍ ലീഗ് കിരീടത്തിനൊപ്പം എഫ് എ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയാണ് സിറ്റി ട്രെബിള്‍ പൂര്‍ത്തിയാക്കിയത്.

പെപ്പിന് കീഴില്‍ സിറ്റി തങ്ങളുടെ തുടര്‍ച്ചയായ മൂന്നാം പ്രീമിയര്‍ ലീഗ് കിരീടവും ഏഴാമത് എഫ്.എ കപ്പ് കിരീടവും സ്വന്തമാക്കിയപ്പോള്‍ ചരിത്രത്തിലാദ്യമായാണ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് (1998-99) ശേഷം ഈ മൂന്ന് കിരീടങ്ങളും ഒരേ സമയം കൈവശം വെക്കുന്ന ടീമാകാനും പെപ്പിന് കീഴില്‍ സിറ്റിക്ക് സാധിച്ചു.

 

 

എന്നാല്‍ പുതിയ സീസണില്‍ ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ് പെപ് വിശ്വസിക്കുന്നത്. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണെന്നായിരുന്നു മാന്‍ സിറ്റി ബോസിന്റെ അഭിപ്രായം.

‘കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ നേടിയതെന്തോ, അത് വീണ്ടും ആവര്‍ത്തിക്കുക അസാധ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംവിക്കുന്നതാണ്.

കഴിഞ്ഞ സീസണില്‍ നമ്മള്‍ ഉയരമേറിയ കൊടുമുടിയാണ് കീഴടത്തിയതെന്ന് ഞാന്‍ താരങ്ങളോട് പറയാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ ആ കൊടുമുടിയില്‍ നിന്നും നമ്മള്‍ താഴെയിറങ്ങിയിരിക്കുകയാണ്. ഇനി അവിടെ നിന്നുമാണ് തുടങ്ങേണ്ടത്. കഴിയുന്നത്ര ഉയരത്തില്‍ ആ കൊടുമുടി കയറാന്‍ ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും.

 

നമ്മുടെ ഫുട്‌ബോള്‍, നമ്മുടെ പെരുമാറ്റം, നമ്മുടെ മെന്റാലിറ്റി ഇതൊക്കെയായിരിക്കും ഈ സീസണ്‍ നമ്മളെ സംബന്ധിച്ച് എങ്ങനെയുള്ളതായിരിക്കുമെന്ന് തീരുമാനിക്കുക. ഫുട്‌ബോളിലായാലും മറ്റ് സ്‌പോര്‍ട്‌സിലായാലും നമ്മള്‍ എന്ത് ചെയ്തു എന്നതാകും നമ്മുടെ ഹൃദയത്തിലും മനസിലുമുണ്ടാവുക. എത്ര മികച്ചയായിരുന്നു അത്. എന്നാല്‍ അത് അവസാനിച്ചിരിക്കുകയാണ്,’ പെപ് പറഞ്ഞു.

പുതിയ സീസണിലെ ആദ്യ മത്സരത്തെ കുറിച്ചും പെപ് പറഞ്ഞു.

‘സാധാരണയായി ആദ്യ മത്സരങ്ങള്‍ എപ്പഴും കടുപ്പമേറിയതാണ്, പ്രത്യേകിച്ച് പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട ടീമിനോട്. അവര്‍ക്ക് ആ എനര്‍ജിയും മികച്ച രീതിയില്‍ തുടങ്ങാനുള്ള വാശിയും ഉണ്ടാകും. വിന്നിക്ക് (വിന്‍സെന്റ് കോംപാനി) അത് കൃത്യമായി അറിയാം.

 

അദ്ദേഹം മികച്ച രീതിയില്‍ ടീമിനെ ചേര്‍ത്തുനിര്‍ത്തുകയും ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു. തുടര്‍ച്ചയായി ജയിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. പ്രീമിയര്‍ ലീഗില്‍ അവന്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കും. ഈ മത്സരം ബുദ്ധിമുട്ടേറിയതാകും,’ പെപ് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 12നാണ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും പുതുതായി പ്രൊമോഷന്‍ ലഭിച്ച ബേണ്‍ലിയുമാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ബേണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറാണ് വേദി.

 

 

Content highlight: Pep Guardiola believes it’s impossible to win another treble