| Wednesday, 30th August 2023, 7:01 pm

ചരിത്രനേട്ടം; ജര്‍മനിയായാലും സ്‌പെയ്‌നായാലും ടഫായ പ്രീമിയര്‍ ലീഗ് ആയാലും പെപ്പിന് എല്ലാം സര്‍ബത് കുടിക്കും പോലെ സിംപിള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിച്ച് ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200 മത്സരങ്ങള്‍ വിജയിക്കുന്ന പരിശീലകനായാണ് പെപ് ചരിത്രം കുറിച്ചത്. സാക്ഷാല്‍ അലക്‌സ് ഫെര്‍ഗൂസനെ മറികടന്നാണ് പെപ് ഈ നേട്ടം സ്വന്തമാക്കിയത്.

പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡിനെതിരായ മത്സരത്തിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തിന് പിന്നാലെയാണ് പെപ്പിനെ തേടി ചരിത്രനേട്ടമെത്തിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു സിറ്റിസണ്‍സിന്റെ വിജയം. സിറ്റിക്കായി എര്‍ലിങ് ഹാലണ്ടും റോഡ്രിയും ഗോള്‍ നേടിയപ്പോള്‍ ജെയ്ഡന്‍ ബോഗ്ലെയായിരുന്നു ഷെഫീല്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

തന്റെ 269ാം മത്സരത്തിലാണ് പെപ് 200 വിജയം എന്ന നേട്ടം കൈവരിച്ചത്. ഒന്നില്‍ നിന്നും തുടങ്ങി ടീമിന് ക്വാഡ്രാപ്പിള്‍ (Quadruple)  നേടിക്കൊടുത്തത് വരെയെത്തി നില്‍ക്കുകയാണ് പെപ്പിന്റെ വിജയഗാഥ.

2016-17 സീസണില്‍ സിറ്റിയുടെ സാരഥ്യമേറ്റെടുത്ത പെപ്പിന് കീഴില്‍ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി ഫിനിഷ് ചെയ്തത്. 38 മത്സരത്തില്‍ നിന്നും 23 വിജയവും ഒമ്പത് സമനിലയും ആറ് തോല്‍വിയുമായിരുന്നു സിറ്റിക്ക് നേടാന്‍ സാധിച്ചത്.

ഇതോടെ പെപ്പിനെതിരെ പരിഹാസവും ഉയര്‍ന്നിരുന്നു. ലാ ലിഗ പോലെയോ ബുണ്ടസ് ലീഗ പോലെയോ എളുപ്പത്തില്‍ പ്രീമിയര്‍ലീഗില്‍ കിരീടം നേടാന്‍ സാധിക്കില്ലെന്നായിരുന്നു പലരുടെയും പരിഹാസം.

എന്നാല്‍ തൊട്ടടുത്ത സീസണില്‍ സിറ്റിയെ കിരീടമണിയിച്ചുകൊണ്ടായിരുന്നു പെപ് വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കിയത്. എതിരാളികളെക്കാള്‍ ബഹുദൂരം മുമ്പിലെത്തിയ സിറ്റി 38 മത്സരത്തില്‍ നിന്നും 100 പോയിന്റാണ് നേടിയത്.

തൊട്ടടുത്ത സീസണിലും കിരീടം നേടിയ സിറ്റി, 2019-20 സീസണില്‍ രണ്ടാം സ്ഥാനക്കാരായും ഫിനിഷ് ചെയ്തു. 20-21 സീസണില്‍ വീണ്ടും പ്രീമിയര്‍ ലീഗ് ജേതാക്കളായെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടമോഹം ചെല്‍സിക്ക് മുമ്പില്‍ അടിയറ വെക്കുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി പരാജയപ്പെട്ടത്. 21-22 സീസണിലും 22-23 സീസണിലും കിരീടം നേടിയ സിറ്റി പ്രീമിയര്‍ ലീഗില്‍ ഹാട്രിക്കും നേടിയിരുന്നു.

22-23 സീസണ്‍ മാഞ്ചസ്റ്റര്‍ സിറ്റി എന്ന ടീമിനെയും പെപ് ഗ്വാര്‍ഡിയോള എന്ന പരിശീലകനെയും സംബന്ധിച്ച് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. പ്രീമിയര്‍ ലീഗ് കിരീടത്തിനും ചാമ്പ്യന്‍സ് ട്രോഫിക്കും പുറമെ എഫ്.എ കപ്പും ലീഗ് കപ്പും സ്വന്തമാക്കി ക്വാഡ്രാപ്പിളും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെപ്പിനെ തേടി ചരിത്ര നേട്ടവുമെത്തിയിരിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തില്‍ 200 മത്സരം വിജയിച്ച പരിശീലകര്‍

(പരിശീലകന്‍ – ടീം – 200 വിജയത്തിനായി കളിച്ച മത്സരങ്ങള്‍ എന്ന ക്രമത്തില്‍)

1. പെപ് ഗ്വാര്‍ഡിയോള – മാഞ്ചസ്റ്റര്‍ സിറ്റി – 269

2. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 322

3. ജോസെ മൗറിഞ്ഞോ – ചെല്‍സി – 326

4. ആഴ്‌സണ്‍ വെങ്ങര്‍ – ആഴ്‌സണല്‍ – 332

5. ഡേവിഡ് മോയെസ് – എവര്‍ട്ടണ്‍ – 511

പുതിയ സീസണിലും സിറ്റി പെപ്പിന് കീഴില്‍ കുതിപ്പ് തുടരുകയാണ്. മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് സിറ്റി.

സെപ്റ്റംബര്‍ രണ്ടിനാണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ അടുത്ത മത്സരം. തങ്ങളുടെ ഹോം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഫുള്‍ഹാമാണ് എതിരാളികള്‍.

Content Highlight:  Pep Guardiola becomes the fastest coach to reach 200 wins in the Premier League

We use cookies to give you the best possible experience. Learn more