ബാഴ്‌സലോണ ഇതിഹാസ താരങ്ങളായ സാവിക്കും ആന്ദ്രേ ഇനിയേസ്റ്റക്കും ഇതുവരെ ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കാതെ പോയതെന്തുകൊണ്ട് എന്ന് വിശദീകരിക്കുകയാണ് മുന്‍ ബാഴ്‌സലോണ പരിശീലകനും ഇതിഹാസവുമായ പെപ് ഗ്വാര്‍ഡിയോള. മെസിയുടെയും റൊണാള്‍ഡോയുടെയും ഡോമിനേഷന്‍ കാരണമാണ് സാവിക്കും ഇനിയേസ്റ്റക്കും പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയതെന്ന് സിറ്റി ബോസ് വ്യക്തമാക്കി.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ രണ്ട് പേരാണ് ഇനിയേസ്റ്റയും സാവിയും. ലാ റോജക്കൊപ്പം ലോകകപ്പ് സ്വന്തമാക്കിയ ഇരുവരും ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കും നിരവധി ട്രോഫികള്‍ സ്വന്തമാക്കിയെങ്കിലും ഒരിക്കല്‍പ്പോലും ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിച്ചിരുന്നില്ല.
ഇതിനെ കുറിച്ചാണ് പെപ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ ഉദ്ധരിച്ച് സിറ്റി എക്‌സ്ട്രായാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ചെകുത്താനായിരുന്നു, മെസിയാകട്ടെ ആ ചെകുത്താന്റെ അപ്പനും. കഴിഞ്ഞ 15-20 വര്‍ഷങ്ങളായ ഇരുവരും അതിശയകരമായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ഒരുപക്ഷേ ആ സമയത്ത് സാവിയും ഇനിയേസ്റ്റയും ബാലണ്‍ ഡി ഓറിന് അര്‍ഹരായിരുന്നിരിക്കാം,’ ഗ്വാര്‍ഡിയോള പറഞ്ഞു.
2024 ബാലണ്‍ ഡി ഓറിലെ ഇരുവരുടെ അഭാവത്തെ കുറിച്ചും പെപ് സംസാരിച്ചു.
‘റൊണാള്‍ഡോയുടെയും മെസിയുടെയും യുഗം എന്നത് അവിശ്വസനീയമായ ഒന്നാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അവര്‍ എങ്ങനെയാണ് പുരസ്‌കാരങ്ങള്‍ നേടിയതും പങ്കുവെച്ചതും, അവര്‍ അതിന് അര്‍ഹരായിരുന്നു ഇതെല്ലാം നമുക്ക് അറിയാവുന്നതാണ്. അവര്‍ ഇരുവരും മറ്റൊരു ലെവലിലായിരുന്നു.
എന്നാലിപ്പോള്‍, ഇത് പുതിയ യുഗമാണ്. ഇപ്പോള്‍ ആര്‍ക്കും ബാലണ്‍ ഡി ഓര്‍ നേടാന്‍ സാധിക്കും. ഒടുവില്‍ ഈ അഭിപ്രായങ്ങളെല്ലാം സ്വതന്ത്രമാണ്,’ പെപ് കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം മെസിയോ റൊണാള്‍ഡോയെ ഇല്ലാത്ത ഒരു ബാലണ്‍ ഡി ഓറിന്റെ ചുരുക്കപ്പട്ടികയ്ക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചു. കാല്‍പ്പന്തുകളി പുതിയ ട്രാന്‍സിഷന്‍ പിരീഡിലേക്ക് കടക്കുന്നു എന്ന വ്യക്തമായ സൂചനയാണ് ഇത് നല്‍കുന്നത്.
ഈ പട്ടികയിലെ 30 പേരില്‍ ആര് വിജയിച്ചാലും അവരുടെ ആദ്യ ബാലണ്‍ ഡി ഓറായിരിക്കുമിത് എന്നതും പുതിയ യുഗത്തിന്റെ ആരംഭമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
സ്പാനിഷ് സൂപ്പര്‍ താരം റോഡ്രിയാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായത്.
2008 മുതല്‍ 2017 വരെ മറ്റാരെയും ജയിക്കാന്‍ അനുവദിക്കാതെ മെസിയും റൊണാള്‍ഡോയും ബാലണ്‍ ഡി ഓറിന്റെ സുവര്‍ണ ഗോളത്തെ മാറി മാറി കൈക്കലാക്കി. 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ഈ കുത്തക തകര്‍ത്തത്. 2019ല്‍ മെസി വീണ്ടും അവര്‍ഡ് കൈക്കലാക്കി.
2020ല്‍ കൊവിഡ് കാരണം ആര്‍ക്കും പുരസ്‌കാരം നല്‍കിയിരുന്നില്ല. അത്തവണ ബാലണ്‍ ഡി ഓര്‍ നല്‍കപ്പെട്ടിരുന്നെങ്കില്‍ അത് ഉറപ്പായും റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കുമായിരുന്നു.
2021ല്‍ മെസി വീണ്ടും പുരസ്‌കാരത്തില്‍ മുത്തമിട്ടു. 2022ല്‍ മെസിയോ റൊണാള്‍ഡോയോ ആദ്യ മൂന്നില്‍ പോലും ഉണ്ടായിരുന്നില്ല. ബെന്‍സെമയാണ് അന്ന് പുരസ്‌കാരം സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം മെസി തന്റെ എട്ടാം ബാലണ്‍ ഡി ഓറും നേടി. 2017ലാണ് റോണോ അവസാനമായി ബാലണ്‍ ഡി ഓര്‍ നേടിയത്. താരത്തിന്റെ അഞ്ചാം പുരസ്‌കാരമായിരുന്നു അത്.
Content Highlight: Pep Guardiola about Xavi and Iniesta not winning Ballon d Or