അവനോടെനിക്കുള്ള ബഹുമാനം എക്കാലവും അതുപോലെ നിലനില്‍ക്കും; മെസി-ഹാലണ്ട് ഫാന്‍ ഡിബേറ്റില്‍ പെപ്
Football
അവനോടെനിക്കുള്ള ബഹുമാനം എക്കാലവും അതുപോലെ നിലനില്‍ക്കും; മെസി-ഹാലണ്ട് ഫാന്‍ ഡിബേറ്റില്‍ പെപ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th October 2023, 5:18 pm

ലയണല്‍ മെസിയുടേയും എര്‍ലിങ് ഹാലണ്ടിന്റേയും കരിയറില്‍ മികച്ച റെക്കോഡുകള്‍ നേടി പ്രശസ്തി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പരിശീലകനാണ് പെപ് ഗ്വാര്‍ഡിയോള. തന്റെ പ്രിയ ശിഷ്യന്മാരില്‍ ഏറ്റവും മികച്ചത് ആരെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെപ് പറഞ്ഞത്.

‘മെസിയെ പോലൊരു കളിക്കാരനെ ഞാനെന്റെ ജീവിതത്തില്‍ മുമ്പ് കണ്ടിട്ടില്ല. അവനെ പോലൊരു താരം ഇനിയുണ്ടാകുമെന്നും തോന്നുന്നില്ല. അവനെക്കുറിച്ചുള്ള എന്റെ അഭിപ്രായവും അവനോടെനിക്കുള്ള ബഹുമാനവും എക്കാലവും അതുപോലെ നിലനില്‍ക്കും,’ പെപ് പറഞ്ഞു.

പെപ് ഹാലണ്ടിനെ കുറിച്ചും നേരത്തെ ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു. എല്ലായിപ്പോഴും ഉന്മേഷത്തോടെയിരിക്കുന്ന ഫുട്ബോളില്‍ അഭിനിവേശമുള്ള താരമാണ് ഹാലണ്ട് എന്നാണ് പെപ് പറഞ്ഞത്.

സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹാലണ്ടിന് കഴിയാതിരുന്നപ്പോള്‍ അദ്ദേഹം സിറ്റിക്ക് പറ്റിയവനല്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അദ്ദേഹം കളിക്കളത്തില്‍ മികച്ച ഇമ്പാക്ട് ഉണ്ടാക്കിയെന്നും പെപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയിരിക്കുന്ന താരമാണ് എര്‍ലിങ് ഹാലണ്ട്. നിരവധി റെക്കോഡുകള്‍ തകര്‍ത്തുകൊണ്ട് 52 ഗോളുകളാണ് ഈ സീസണില്‍ താരത്തിന്റെ സമ്പാദ്യം. സിറ്റി കഴിഞ്ഞ സീസണില്‍ ട്രെബിള്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും ഹാലണ്ടിന് സാധിച്ചു.

അതേസമയം, കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ ആരുനേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന ഘട്ട പട്ടികയില്‍ 30 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

ബാലണ്‍ ഡി ഓര്‍ നേടുന്നതില്‍ അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്.

പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Pep Guardiola about Messi and Haaland