| Saturday, 1st October 2022, 5:57 pm

'ഇതാണെടോ ഫുട്‌ബോള്‍'; ഉയരക്കുറവിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ട് യുണൈറ്റഡ് സൂപ്പര്‍ താരം; മാസ് മറുപടി നല്‍കി ഗ്വാര്‍ഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ പുകഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള. സിറ്റിയും യുണൈറ്റഡും തമ്മില്‍ നടക്കാന്‍ പോകുന്ന മാഞ്ചസ്റ്റര്‍ ഡാര്‍ബിയെ പറ്റി ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഗ്വാര്‍ഡിയോളയുടെ പ്രസ്തവാന എത്തിയിരിക്കുന്നത്.

സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനെ യുണെറ്റഡിന്റെ ഡിഫന്‍ഡര്‍ ലിസാന്‍ഡ്രോ
മാര്‍ട്ടിനെസിന് തടുക്കാനാകുമോ എന്നായിരുന്നു ഈ ചര്‍ച്ചക്ക് ആധാരം. ഇരുവരും തമ്മിലുള്ള ഉയരവ്യത്യാസം തന്നെയാണ് ചര്‍ച്ചക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

5 അടി 9 ഇഞ്ചാണ് മാര്‍ട്ടിനെസിന്റെ ഉയരം. 6 അടി 4 ഇഞ്ചാണ് ഹാലണ്ടിന്റെ പൊക്കം. അതുകൊണ്ട് തന്നെ സ്‌ട്രൈക്കറായ ഹാലണ്ടിനെ മാര്‍ട്ടിനെസിന് തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു ചിലരുടെ വാദം.

ഹാലണ്ടില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുന്നതാണ് നല്ലതെന്ന് വരെ മുന്‍ ലിവര്‍പൂള്‍ താരം ജാമി കാരഗേര്‍ പറഞ്ഞു കളഞ്ഞു. നേരത്ത ഹാലണ്ടും മാര്‍ട്ടിനെസും നേര്‍ക്കുനേര്‍ വന്ന പല സമയത്തും തന്റെ ടാക്ടിക്‌സ് കൊണ്ട് താരത്തെ ഗോളടിക്കാതെ പിടിച്ചുകെട്ടാന്‍ മാര്‍ട്ടിനെസിന് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം അപ്പോള്‍ തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിറ്റിയുടെ കോച്ചായ ഗ്വാര്‍ഡിയോള തന്നെ ഈ ഉയര ചര്‍ച്ചകള്‍ക്ക് അവസാനം കുറിച്ച് രംഗത്തുവന്നിരിക്കുകയാണ്.

‘എര്‍ലിങ്ങിനാണ് ഉയരം കൂടുതലെന്നത് ശരിയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഒരു ഫുട്‌ബോള്‍ കളിക്കാരനെ ഉയരത്തിന്റെ പേരില്‍ മാത്രം ആളുകള്‍ കുറച്ച് കാണുന്നത് കാണുമ്പോള്‍ എനിക്ക് തോന്നുന്ന ഒരു കാര്യമുണ്ട്.

ആ സമയത്ത് ആ കളിക്കാരന് അവരോട്, ‘ഞാനൊരു ഒന്നാന്തരം കളിക്കാരനാണ്, എനിക്ക് എവിടെ വേണമെങ്കിലും പോയി കളിക്കാനറിയാം, അതുകൊണ്ട് ഞാന്‍ ഇവിടെയൊക്കെ തന്നെ കാണുമെടോ,’ എന്ന് തിരിച്ചുപറയാനാകും.

മാര്‍ട്ടിനെസ് ഒരു ഗംഭീര കളിക്കാരനാണ്. അയാള്‍ക്ക് നല്ല കായികക്ഷമതയും ഏകാഗ്രതയുമുണ്ട്. ആവശ്യത്തിന് അഗ്രസീവുമാണ്. ഇതാദ്യമായിട്ടൊന്നുമല്ല, തന്നേക്കാള്‍ ഉയരക്കൂടുതലുള്ള കളിക്കാരെ അവന്‍ നേരിടാന്‍ പോകുന്നത്. അവന്‍ നല്ല വൃത്തിയായി തന്നെ ആ സാഹചര്യങ്ങളെ കൈകാര്യം ചെയ്തിട്ടുമുണ്ട്.

എര്‍ലിങ്ങിന്റെ ഉയരമൊക്കെ വിഷയമായേക്കാം. പക്ഷെ, എന്താണ് നടക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാമെന്നേ,’ ഗ്വാര്‍ഡിയോള പറഞ്ഞു.

ഗ്വാര്‍ഡിയോളയുടെ മറുപടി ഫുട്‌ബോള്‍ ലോകം ഏറ്റെടുത്ത് കഴിഞ്ഞു. ഫുട്‌ബോളിന്റെ ട്രൂ സ്പിരിറ്റാണ് ആ വാക്കുകളിലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, സിറ്റിയുടെ കുന്തമുനായി കിടിലന്‍ പ്രകടനമാണ് ഹാലണ്ട് നടത്തുന്നത്. ഈ സീസണിലാണ് ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും ഹാലണ്ട് സിറ്റിയിലെത്തുന്നത്. അന്ന് മുതല്‍ കളിച്ച കളികളിലെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്.

പെപ് ഗ്വാര്‍ഡിയോളയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പന്ത് തട്ടാന്‍ തുടങ്ങിയതോടെ ഹാലണ്ട് അത്ഭുതാവഹമായ കളിയാണ് പുറത്തെടുക്കുന്നത്. ഡോര്‍ട്മുണ്ടിലുണ്ടായിരുന്നപ്പോഴും താരം ഒരു ഗോളടി മെഷീനായിരുന്നെങ്കിലും പരിക്കുകള്‍ വിടാതെ പിടികൂടിയിരുന്നു.

എന്നാല്‍ ഗ്വാര്‍ഡിയോളയുടെയും സിറ്റി ഫിസിയോ ടീമിന്റെയും കൃത്യമായ പരിചരണത്തിന്റെയും ശ്രദ്ധയുടെയും ഭാഗമായി ഇപ്പോള്‍ ആ പരിക്കുകളില്‍ നിന്നും താരം മോചിതനായി. ഹാലണ്ടിന്റെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് താന്‍ ആദ്യം തന്നെ നിശ്ചയിച്ചിരുന്നെന്ന് പെപ് പറഞ്ഞിരുന്നു.

Content Highlight: Pep Guardiola about Manchester United Player Martinez and the height discussions

We use cookies to give you the best possible experience. Learn more