| Monday, 10th June 2024, 5:26 pm

വീണ്ടും ബാഴ്‌സലോണയുടെ പരിശീലകനായി തിരിച്ചെത്തുമോ? പ്രതികരണവുമായി പെപ് ഗ്വാർഡിയോള

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ പരിശീലകനായി തിരിച്ചെത്തുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിലവിലെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള.

മാധ്യമപ്രവര്‍ത്തകന്‍ വിക്ടര്‍ നഹെയോട് ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഗ്വാര്‍ഡിയോള. ഭാവിയില്‍ ബാഴ്‌സലോണയിലേക്ക് പരിശീലകനായി തിരിച്ചെത്തുമോ എന്ന വിക്ടറിന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍.

അപ്പോള്‍ ബാഴ്‌സലോണയിലേക്കുള്ള തന്റെ തിരിച്ചുവരവ് ഇല്ല എന്നായിരുന്നു ഗ്വാര്‍ഡിയോളയുടെ വാക്കുകള്‍. ‘ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവിന് വാതിലുകള്‍ അടച്ചു,’ ഗ്വാര്‍ഡിയോള പറഞ്ഞു.

ഒരു ഫുട്‌ബോള്‍ താരം എന്ന നിലയില്‍ തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ബാഴ്‌സലോണയിലാണ് പെപ് പന്തുതട്ടിയത്. 1990 മുതല്‍ 2001 വരെയാണ് പെപ് കറ്റാലന്‍മാര്‍ക്ക് വേണ്ടി കളിച്ചത്. പിന്നീട് 2008 മുതല്‍ 2012 വരെ ബാഴ്‌സലോണയുടെ പരിശീലക കുപ്പായവും ഗ്വാര്‍ഡിയോള അണിഞ്ഞിരുന്നു.

ബാഴ്‌സയുടെ പരിശീലകനായി അരങ്ങേറ്റം കുറിച്ച് ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, കോപ്പ ഡെല്‍റേ എന്നീ കിരീടങ്ങള്‍ നേടാന്‍ ഗ്വാര്‍ഡിയോളക്ക് സാധിച്ചിരുന്നു. പിന്നീട് 2010 സീസണിലും പെപ്പിന് ചാമ്പ്യന്‍സ് ലീഗ് കിരീടം ക്യാമ്പ്‌നൗവിലെത്തിക്കാന്‍ സാധിച്ചിരുന്നു. രണ്ടു സീസണുകളില്‍ സ്പാനിഷ് ലീഗ് കിരീടവും പെപ് നേടി.

അതേസമയം ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയിരുന്നു. പെപ്പിന്റെ കീഴില്‍ 38 മത്സരങ്ങളില്‍ നിന്നും 28 വിജയവും ഏഴ് സമനിലയും മൂന്നു തോല്‍വിയും അടക്കം 91 പോയിന്റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ നെറുകയില്‍ എത്തിയത്.

ഇതില്‍ പിന്നാലെ ഒരു ചരിത്രനേട്ടം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധിച്ചിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ നാല് തവണയും കിരീടം നേടുന്ന ആദ്യ ടീമായി മാറാന്‍ സിറ്റിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഗ്വാര്‍ഡിയോളയുടെ കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി ട്രബിള്‍ കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlight: Pep Gaurdiola talks about the return of Barcelona club

We use cookies to give you the best possible experience. Learn more