ഗ്രൗണ്ടിലൂടെ കൂടുതല്‍ സമയം നടക്കുന്ന താരമാണ് മെസി. മറ്റുള്ള താരങ്ങള്‍ ഓടിക്കളിക്കുമ്പോള്‍ മെസി അധിക സമയവും നടക്കുന്നത് കാണാം. മെസി എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള.
കളത്തിലൂടെ നടക്കുമ്പോള്‍ മെസി തല ഇരുവശങ്ങളിലേക്ക് ചലിപ്പിക്കുമെന്നും അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അവന് മനസിലാക്കാനാകുമെന്നും പെപ് പറഞ്ഞു. എതിരാളിയുടെ ദൗര്‍ബല്യം തിരിച്ചറിയാനുള്ള കഴിവ് മെസിക്കുണ്ടെന്നും ആദ്യത്തെ പത്ത് മിനിട്ടിനുള്ളില്‍ അവനൊരു മാപ്പ് സ്വയം സൃഷ്ടിക്കുമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.
‘മെസി മൈതാനത്ത് നടക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. എപ്പോഴും മത്സരത്തില്‍ മുഴുകിയിരിക്കുന്ന മെസി കളിയില്‍ നിന്ന് പുറത്താകില്ല. തന്റെ തല ഇരുവശങ്ങളിലേക്കും മാറി മാറി മെസി ചലിപ്പിക്കും. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി അവനറിയാം.
മെസിക്ക് എതിരാളികളുടെ ദൗര്‍ബല്യം കണ്ടുപിടിക്കാനുള്ള ശേഷിയുണ്ട്. ആദ്യത്തെ പത്ത് മിനിട്ടിനുള്ളില്‍ അവനൊരു മാപ്പ് സ്വയം സൃഷ്ടിക്കും. എവിടെയാണ് വിടവുള്ളതെന്ന് അവന്‍ തലച്ചോറില്‍ സേവ് ചെയ്ത് വെക്കും. കളത്തില്‍ നടന്നുകൊണ്ടിരുന്നാല്‍ അക്രമിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് മെസിക്കറിയാം. മൈതാനത്ത് അധികം നടക്കാത്ത മെസിയെ കണ്ടാല്‍ അവന് ശാരീരികമായി എന്തോ പ്രശ്‌നമുണ്ടെന്ന് വേണം കരുതാന്‍,’ പെപ് പറഞ്ഞു.
അതേസമയം, മെസി തകര്‍പ്പന്‍ പ്രകടനമാണ് എം.എല്‍.എസ് ലീഗില്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്റര്‍ മയാമിക്കായി കളിച്ച നാല് മത്സരങ്ങളിലും ഗോള്‍ നേടി ക്ലബ്ബിനെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ ദിവസം എഫ്.സി ഡല്ലാസിനെതിരെ നടന്ന മത്സരം വലിയ ശ്രദ്ധ നേടിയിരുന്നു. സമനിലയില്‍ പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ലോകകപ്പിന് ശേഷം ഇത്ര സമ്മര്‍ദത്തിലാക്കിയ മറ്റൊരു മത്സരം ഉണ്ടായിട്ടില്ലെന്നാണ് ഡല്ലാസിനെതിരായ മയാമിയുടെ മത്സരത്തിന് ശേഷം ആരാധകര്‍ അഭിപ്രായപ്പെട്ടത്.
എഫ്.സി ഡല്ലാസിന്റെ ഹോം സ്റ്റേഡിയമായ ടൊയോട്ടയില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ടീം വിജയിച്ചുകയറിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും നാല് ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-5 എന്ന സ്‌കോറിനാണ് മയാമി വിജയിച്ചുകയറിയത്. മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ നേടിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസി ഹെറോണ്‍സിനെ മുമ്പിലെത്തിച്ചു. എഫ്.സി ഡല്ലാസ് തിരിച്ചടിക്കുകയായിരുന്നു. ഒടുവില്‍ 4-3 എന്ന നിലയില്‍ 84ാം മിനിട്ടില്‍ ഫ്രീക്കിക്കില്‍ മെസിയിലൂടെ തന്നെ മയാമി സമനില പിടിച്ചു. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-5 ന് ഇന്റര്‍മയാമി ജയിച്ചു കയറുകയായിരുന്നു.
നാല് മത്സരങ്ങളില്‍ ഏഴുഗോളുകളാണ് മെസി ഇതുവരെ മയാമിക്കായി നേടിയിത്. താരം വന്നതിന് ശേഷം ഇന്റര്‍ മയാമി തോല്‍വി അറിഞ്ഞിട്ടില്ലെന്നതും പ്രത്യേകതയാണ്.