രക്ത സമ്മര്‍ദ്ദമുള്ളവരിലെ അമിത ഉറക്കവും ഉറക്കക്കുറവും സ്‌ട്രോക്കിന് കാരണമാകും
Daily News
രക്ത സമ്മര്‍ദ്ദമുള്ളവരിലെ അമിത ഉറക്കവും ഉറക്കക്കുറവും സ്‌ട്രോക്കിന് കാരണമാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2015, 3:10 am

health-01രക്ത സമ്മര്‍ദ്ദം കൂടുതലുള്ളവര്‍ അമിതമായി ഉറങ്ങുന്നതും ഒട്ടും ഉറങ്ങാതിരിക്കുന്നതും സ്‌ട്രോക്ക് വരുന്നതിന് വലിയൊരളവുവരെ കാരണമാകുമെന്ന് പഠനം. ഈ രീതിയില്‍ ഉറങ്ങുന്നത് ശരിയായ രക്ത സമ്മര്‍ദ്ദമുള്ളവരെക്കാര്‍ രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ക്ക് വലിയ ആപത്താണെന്നാണ് പഠനം പറയുന്നത്. മാത്രമല്ല ഇടയ്ക്കിടയ്ക്കുള്ള ഉറക്കവും ഇവര്‍ക്ക് സ്‌ട്രോക്ക് വരുന്നതിനുള്ള സാധ്യത ഇരട്ടിയാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ന്യൂയോര്‍ക്കിലെ 204000 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് നല്ലതെന്നും പഠനത്തില്‍ പറയുന്നു. ഇവരില്‍ അഞ്ച് ശതമാനം മാത്രമാണ് സ്‌ട്രോക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയെന്നും പഠനം വ്യക്തമാക്കുന്നു.

എട്ട് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവരില്‍ സ്‌ട്രോക്ക് ഉണ്ടാവാന്‍ 14 ശതമാനം സാധ്യതയുണ്ടെന്നും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ഉറങ്ങുന്ന രക്ത സമ്മര്‍ദ്ദമുള്ളവരില്‍ സ്‌ട്രോക്കുണ്ടാവുന്നതിനുള്ള സാധ്യത എട്ട് ശതമാനമാണെന്നുമാണ് പഠനത്തില്‍ പറയുന്നത്.

ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെക്കാള്‍ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്ക് സ്‌ട്രോക്ക് വരുന്നതിനുള്ള സാധ്യത 74 ശതമാനം മുതല്‍ 83 ശതമാനം വരെയാണെന്നും പഠനം വ്യക്തമാക്കുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ ഹൈപ്പര്‍ടെന്‍ഷന്‍ മീറ്റിങിലാണ് പഠനം അവതരിപ്പിച്ചിരിക്കുന്നത്.