ബി.ജെ.പിയെ ഇത്തവണ തോല്‍പ്പിക്കുക ആര്‍ട്ടിക്കിള്‍ 370 ഉം എന്‍.ആര്‍.സിയുമല്ല; ഈ 154 വാഗ്ദാനങ്ങളാണ്; കാരണങ്ങള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ ഹൂഡ
ന്യൂദല്‍ഹി: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനാകുമെന്നതില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദര്‍ സിങ് ഹൂഡ.
വാചകമടിയിലൂടെ മാത്രം തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബി.ജെ.പി കരുതിയെങ്കില്‍ തെറ്റിയെന്നും ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ 154 വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ ആയി നിലനില്‍ക്കുകയാണെന്നും ഹൂഡ പറഞ്ഞു.
ബി.ജെ.പി നല്‍കിയ 154 വാഗ്ദാനങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. പ്രാദേശിക വിഷയങ്ങള്‍ നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്യുക. ആര്‍ട്ടിക്കിള്‍ 370 ഉം എന്‍.ആര്‍.സിയും വോട്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഇത്തവണ ബി.ജെ.പി കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്നും ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ഹൂഡ പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 ഉം ദേശീയ പൗരന്മാരുടെ രജിസ്റ്ററും പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി ഉപയോഗിച്ചിട്ടുണ്ട്. ഇതൊന്നും വോട്ടാവില്ല. ഇതെല്ലാം നിയമങ്ങളായി അവതരിപ്പിച്ചതുകൊണ്ട് തന്നെ അവരെ ആരും ചോദ്യം ചെയ്യുകയുമില്ല.
”കുമാരി സെല്‍ജയും (ഇപ്പോള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്) ഞാനും സംസ്ഥാനത്തുടനീളം പത്ത് മീറ്റിംഗുകള്‍ നടത്തി. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും ഒന്ന്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കണ്ട നിരാശ ശുഭാപ്തിവിശ്വാസത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. അവരില്‍ ആവേശമുണ്ട്. ഊര്‍ജ്ജമുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ബി.ജെ.പി സര്‍ക്കാരിനോട് നിരാശയും ദേഷ്യവുമാണ്. ജനങ്ങള്‍ കോണ്‍ഗ്രസിലേക്ക് ചായുകയാണ്. തീര്‍ച്ചയായും ഭൂരിപക്ഷം ലഭിച്ചിരിക്കും- അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയങ്ങള്‍ ജനങ്ങള്‍ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
” 154 വാഗ്ദാനങ്ങള്‍ ആണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. അതില്‍ ഒന്നുപോലും പാലിച്ചില്ല. കര്‍ഷകര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തുന്നു, എന്നാല്‍ കുറഞ്ഞ വേതനം നല്‍കുകയും ചെയ്യുന്നു.
സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നായിരുന്നു ബി.ജെ.പി അവകാശപ്പെട്ടത്. എന്നാല്‍ അവര്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) പോലും നല്‍കുന്നില്ല. അവര്‍ അതില്‍ കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയാണ്.
കടുക്, സൂര്യകാന്തി എന്നിവയില്‍ ഏക്കറിന് ഒരു നിശ്ചിത അളവില്‍ മാത്രമേ വാങ്ങുകയുള്ളൂവെന്ന് സര്‍ക്കാര്‍ പറയുന്നു. അധിക വിളയുമായി കര്‍ഷകന്‍ എന്തു ചെയ്യും? അയാള്‍ക്ക് വില്‍പ്പന നടത്താന്‍ കഴിയില്ല. നഷ്ടം മാത്രമായിരിക്കും മിച്ചം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ രാസവളങ്ങള്‍, കീടനാശിനികള്‍, ട്രാക്ടര്‍ ഭാഗങ്ങള്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നികുതി വര്‍ദ്ധിച്ചു. കര്‍ഷകര്‍ക്ക് കോണ്‍ഗ്രസിന് കീഴില്‍ ലഭിച്ച നിരക്കുകള്‍ ഇന്നില്ല-ഹൂഡ പറഞ്ഞു.
ബി.ജെ.പി അടുത്തിടെ പ്രഖ്യാപിച്ച 5,000 കോടി രൂപ വായ്പ എഴുതിത്തള്ളല്‍ പദ്ധതി ”കണ്ണില്‍ പൊടിയിടല്‍” ആണെന്നായിരുന്നു ഹൂഡയുടെ പരാമര്‍ശം. വായ്പ എഴുതിത്തള്ളല്‍ വെറും പ്രഖ്യാപനം മാത്രമായി. കര്‍ഷകര്‍ക്ക് ഒരു ആനുകൂല്യവും ലഭിച്ചിട്ടില്ല. അതുപോലെ വിള ഇന്‍ഷുറന്‍സിനുമുള്ള പദ്ധതികള്‍ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയ്ക്ക് കാരണക്കാര്‍ ബി.ജെ.പി അല്ലെന്നാണ് അവര്‍ അവകാശപ്പെട്ടത്. ഇതുവരെ 5 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞെന്നും പൊതുമേഖലയില്‍ 60,000 ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നുമാണ് അവര്‍ പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമാണ്.
ഹരിയാനയില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്ക് 28% ആണ്. ഗുഡ്ഗാവിലെ അല്ലെങ്കില്‍ ഫരീദാബാദില്‍ എത്രപേര്‍ക്ക് തൊഴിലില്ലാത്തവരായിത്തീര്‍ന്നിട്ടുണ്ടെന്ന് കാണുക. തൊഴിലില്ലായ്മ അതിവേഗം വര്‍ദ്ധിച്ചു. – ഹൂഡ പറഞ്ഞു.
നേതൃമാറ്റങ്ങള്‍ സംബന്ധിച്ച തീരുമാനം വൈകിയെന്നും അത് പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടാതുകൊണ്ടല്ലെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിയില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ നേതാവ് സോണിയ ഗാന്ധിയാണ്, മറ്റ് ഭാരവാഹികള്‍ മാറിക്കൊണ്ടിരിക്കുന്നു. ഇത് പുതിയ കാര്യമല്ല.- അദ്ദേഹം പറഞ്ഞു.
‘സര്‍ക്കാര്‍ ക്രമസമാധാന പാലനത്തില്‍ പരാജയപ്പെട്ടെന്നും ഏതൊരു ചെറിയ പ്രതിഷേധത്തെ പോലും സൈന്യത്തെ വിളിച്ച് അടിച്ചമര്‍ത്തുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരിച്ച പത്ത് വര്‍ഷത്തിനിടെ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഞങ്ങള്‍ ഒരിക്കലും സൈന്യത്തെ വിളിച്ചിട്ടില്ല. പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജീവനും സ്വത്തിനും ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ച വര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. -ഹൂഡ പറഞ്ഞു.
ഹരിയാനയിലേത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണെന്നും ഖനനം, ഓവര്‍ലോഡിംഗ്, കെഎം പദ്ധതി, വൈദ്യുതി മീറ്റര്‍ വാങ്ങള്‍ എന്നിങ്ങനെ ആയിരക്കണക്കിന് കോടിയുടെ അഴിമതികളാണ് സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു.