ബാസവനഗുഡി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭാരതീയ ജനതാ പാര്‍ട്ടിയേയും കര്‍ണാടകയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ് കാംപെയ്‌നിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദലിതര്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ നരേന്ദ്ര മോദി മൗനം പാലിക്കുകയാമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ” അംബേദ്കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരവ് നല്‍കുന്നുണ്ടെങ്കിലും എസ്.എസി/ എസ്.ടി കമ്മ്യൂണിറ്റികള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ മോദി മൗനം പാലിക്കുകയാണ്. ജനങ്ങള്‍ മോദിയേയും ബി.ജെ.പിയേയും ആദ്യം കര്‍ണാടകയില്‍ നിന്നും പുറന്തള്ളും. പിന്നാലെ, രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും പുറത്താക്കും”, രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബി.ജെ.പിയെ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. “നരേന്ദ്ര മോദിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് പറഞ്ഞിരുന്നു. എന്തുതന്നെ സംഭവിച്ചാലും അതിന് ഞങ്ങള്‍ അനുവദിക്കുകയില്ല”, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയാണ് ഭരണഘടനയില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്.
224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയിലെ 223 സീറ്റുകളിലേക്കാണ് മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 15 ന് നടക്കും.
Watch DoolNews Video: