Advertisement
Kerala News
'നീരജുമാര്‍ക്ക് മാത്രമല്ല ശ്രീജേഷുമാര്‍ക്കും സൗജന്യ പെട്രോള്‍ കിട്ടും'; ഗുജറാത്തിന് പുറകെ കേരളത്തിലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 12, 09:47 am
Thursday, 12th August 2021, 3:17 pm

തിരുവനന്തപുരം: അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്ന തിരക്കിലാണ് ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷ്. അതിനിടയില്‍ ശ്രീജേഷിനോടുള്ള ആദരവുകൊണ്ട് സൗജന്യ പെട്രോള്‍ നല്‍കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തെ പെട്രോള്‍ പമ്പ് ഉടമ സുരേഷ്.

ശ്രീജേഷ് എന്ന് പേരുള്ള ആര്‍ക്കും പെട്രോള്‍ സൗജന്യം നല്‍കുമെന്നാണ് കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോള്‍ പമ്പുടമ അറിയിച്ചിരിക്കുന്നത്. ശ്രീജേഷ് എന്ന് പേരുള്ള ഐ.ഡി കാര്‍ഡ് കാണിച്ചാല്‍ ആര്‍ക്കും 101 രൂപയുടെ പെട്രോള്‍ സൗജന്യമായി നല്‍കുമെന്ന് പമ്പുടമ അറിയിച്ചു. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ നല്‍കും. ആഗസ്റ്റ് 31 വരെയാണ് ഓഫര്‍.

ഒരാള്‍ക്ക് ഒരാഴ്ചയില്‍ ഒരുപ്രാവശ്യം മാത്രമേ വരാന്‍ പാടുകയുള്ളൂവെന്നും പമ്പുടമ പറഞ്ഞു.

ഒളിമ്പിക്സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം ആഘോഷിക്കാന്‍ ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പും ഇത്തരത്തില്‍ ഒരു ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. പേര് നീരജ് എന്നാണെങ്കില്‍ 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കുമെന്നായിരുന്നു എസ്.പി പെട്രോളിയം വ്യക്തമാക്കിയത്.

ശ്രീജേഷിന് രണ്ട് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോയന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.

നാല്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നുവെന്നാരോപിച്ച് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

നേരത്തെ പ്രവാസി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. നടന്‍ മമ്മൂട്ടി ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: People who with name sreejesh for get free petrol