ന്യൂദല്‍ഹി: ഗുജറാത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയം കളിക്കാതെ നടപടി സ്വീകരിക്കണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി.
നിരപരാധികളായ ആയിരക്കണക്കിന് ആളുകളാണ് ഗുജറാത്തില്‍ ആക്രമിക്കപ്പെടുന്നത്. അവര്‍ വിദേശികളല്ല. ഇന്ത്യക്കാര്‍ തന്നെയാണ്. അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കണം- മായാവതി പറഞ്ഞു.
ആരേയും അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. നോര്‍ത്ത് ഇന്ത്യന്‍സ് എന്ന് പറയുന്നത് വിദേശികളല്ല. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ തന്നെയാണ് അവര്‍. ഇതില്‍ രാഷ്ട്രീയം കളിക്കാന്‍ ആരും നില്‍ക്കരുതെന്നാണ് പറയാനുള്ളത്.
ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മോദി ജിയെ വാരാണസിയില്‍ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചവരാണ് ഇപ്പോള്‍ ഗുജറാത്തില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ആക്രമണത്തിന് നേതൃത്വം കൊടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കണം. – മായാവതി ആവശ്യപ്പെട്ടു.
സ്വന്തം സംസ്ഥാനത്തുള്ള ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നതിന് പിന്നില്‍ ചില പിന്നാക്ക വിഭാഗ വിരുദ്ധരാണെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ഗാന്‍ശ്യാം തിവാരിയും അഭിപ്രായപ്പെട്ടു.
യു.പിയിലേയും ബീഹാറിലേയും ജനങ്ങളെ സ്വന്തം നാടായ ഗുജറാത്തില്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ യു.പിയില്‍ അദ്ദേഹത്തിന് പിന്നെ സ്ഥാനമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിമ്മത്‌നഗറില്‍ പതിന്നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇതരസംസ്ഥാന തൊഴിലാളി ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ഗുജറാത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങളുണ്ടായത്.
മെഹ്‌സാന, സബര്‍കാന്ത ജില്ലകളിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍ സ്വദേശികള്‍ക്കു നേരെയാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായത്. ഇതേ തുടര്‍ന്നാണ് ഗുജറാത്തില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചു പോയത്. സെപ്റ്റംബര്‍ 28നാണ് സബര്‍കാന്ത ജില്ലയില്‍ പെണ്‍കുഞ്ഞിനു നേര്‍ക്ക് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഗുജറാത്തില്‍ ജോലിക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിന്‍ഹ് ജഡേജ പറഞ്ഞിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും 35 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 450 ഓളം പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും ജഡേജ പറഞ്ഞു.
സബര്‍കാന്ത, മെഹ്‌സാന ജില്ലകളെ കൂടാതെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, പഠാന്‍ എന്നിവിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു. സംഘര്‍ഷസാധ്യതയുള്ള പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ വടക്കന്‍ ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികള്‍ കൂട്ടത്തോടെ സംസ്ഥാനത്ത് നിന്നു പലായനം ചെയ്തിരുന്നു.