'അനിയന്ത്രിതമായൊന്നും സംഭവിക്കുന്നില്ല, എന്നിട്ടും ഇതിനൊരറുതിയില്ല'; കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
COVID-19
'അനിയന്ത്രിതമായൊന്നും സംഭവിക്കുന്നില്ല, എന്നിട്ടും ഇതിനൊരറുതിയില്ല'; കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th April 2020, 5:57 pm

തിരുവനന്തപുരം: കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡുമായി ബന്ധപ്പെട്ട് അനിയന്ത്രിതമായി ഒന്നും തന്നെ സംഭവിക്കുന്നില്ലെന്നും എന്നിട്ടും വ്യാജ പ്രചരണങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മറ്റു മാധ്യമങ്ങളും വാര്‍ത്ത കൊടുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സാമൂഹ്യമാധ്യമങ്ങളില്‍ അത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും അബദ്ധത്തില്‍ പോലും വസ്തുതാ വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. സംസ്ഥാനത്ത് വ്യാജവാര്‍ത്തകള്‍ക്കെതിരായ ഇടപെടല്‍ ശക്തിപ്പെടുത്തുകയാണ്,’ മുഖ്യമന്ത്രി പറഞ്ഞു

കേരളത്തില്‍ കൊവിഡ് 19 സമൂഹ വ്യാപനത്തിലെത്തി എന്ന മട്ടില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു. ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നു എന്ന പ്രചാരണം ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അത്തരം ഒരു അവസ്ഥ നിലവില്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ വാര്‍ത്തയുടെയും യാഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളോട് പറയാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. പക്ഷെ ഇതിനൊരറുതിയില്ലെന്ന തരത്തിലുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്ക് രോഗം ഭേദമായി.

കൊല്ലം-6, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍ രണ്ട് പേര്‍ വീതം. ഇതോടെ 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍ ചികിത്സയില്‍ കഴിയുന്നവര്‍,

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് രോഗം.

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മൂന്ന് വീതം പേരും പത്തനംതിട്ട ഒരാളും നെഗറ്റീവായി.
നേരത്തെ ഇടുക്കിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ആശുപത്രി വിടാം.

ഏലപ്പാറയിലെ ഡോക്ടര്‍, ആശാവര്‍ക്കര്‍ മൈസൂരില്‍ നിന്നെത്തിയ അമ്മ, യുവാവ്, ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ എന്നിവരുടെ പുതിയ ഫലമാണ് നെഗറ്റീവായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.