| Tuesday, 7th April 2020, 1:56 pm

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ താമസിച്ച പള്ളിക്ക് നേരെ വെടിയുതിര്‍ത്തവര്‍ അറസ്റ്റില്‍; വെടിവെച്ചത് ജമാഅത്തുകളോടുള്ള വിരോധം കാരണമെന്ന് പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ധന്‍കോട്ടിലെ പള്ളിയിലേക്ക് നിറയൊഴിച്ച നാല് പേരെ അറസ്റ്റു ചെയ്ത് ഗുരുഗ്രാം പൊലീസ്. ദല്‍ഹിയില്‍ വെച്ച് നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ താമസിച്ചിരുന്ന പള്ളിയിലേക്കാണ് ഇവര്‍ നിറയൊഴിച്ചത്. ഹരിയാനയിലെ ഷെഹ്രി വികാസ് പ്രധികരണ്‍ വാട്ടര്‍ പ്ലാന്റില്‍ വെച്ചാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.

കൊവിഡ് പടര്‍ത്തിയതിന് കാരണക്കാരെന്ന് പറയപ്പെടുന്ന ജമാഅത്തുകളോടുള്ള വിരോധം കാരണമാണ് പള്ളിക്ക് നേരെ വെടി വെച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം പള്ളിയിലെ അംഗങ്ങളെ പൊലീസ് നേരത്തേ ഒഴിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിനോദ്(40), പവന്‍ ഏലിയാസ് ഫൈറ്റര്‍(41), ആലം ഖാന്‍ (39), ഹര്‍കേഷ്(18) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ദല്‍ഹിയില്‍ നിന്നും കൊവിഡ് രോഗത്തെ തുടച്ചു നീക്കേണ്ടതുണ്ടെന്നും അതിന് പള്ളിയില്‍ ഇനി ആരെങ്കിലും താമിസിക്കുന്നുണ്ടെങ്കില്‍ അവരെ കണ്ടു പിടിക്കാനാണ് പള്ളിയിലേക്ക് നിറയൊഴിച്ചതെന്നും പ്രതികള്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗേറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അതുകൊണ്ടാണ് വെടിയുതിര്‍ത്തതെന്നും പ്രതികള്‍ പറഞ്ഞു. പള്ളിയിലുള്ള ജമാ അത്തുകള്‍ മുഴുവന്‍ നഗരത്തെയും നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന തരം സന്ദേശങ്ങള്‍ വാട്ട്‌സാപ്പില്‍ കണ്ട് പേടിച്ചു പോയെന്നും ഇവര്‍ പറഞ്ഞു.

നാലുപേരെയും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

‘ കൊവിഡിനെ പറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കണ്ടു. ധന്‍കോട്ടിലെ പള്ളിയില്‍ നിന്നും കുറച്ചു പേരെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും കണ്ടു. ഇത് കണ്ടതിനെ തുടര്‍ന്നാണ് അവര്‍ പള്ളിയില്‍ പോയി തിരയാം എന്ന് തീരുമാനിക്കുന്നത്. കൂടുതല്‍ പേര്‍ അവിടെ തങ്ങുന്നുണ്ടോ എന്ന് തിരയാനാണ് അവര്‍ പോയത്. എന്നാല്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഗേറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ടു തവണ വെടി വെച്ച് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നാലുപേരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു,’ എ.സി.പി പ്രീത് പാല്‍ സിംഗ് സംഗ്‌വാന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more